കൊച്ചി: മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം ഉയർത്തി അധിക്ഷേപിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവില്ല.
ആന്റോയുടെ വക്കീൽ പറയുന്നത് ആന്‍റോ അഗസ്റ്റിൻ സ്ഥലത്തില്ലെന്നാണ്. കളമശേരി പൊലീസ് സ്റ്റേഷനിൽ ഹാജരാകില്ലെന്നും കേസിലെ എഫ്ഐആർ റദ്ദാക്കാൻ ഹൈക്കോടതിയിൽ ഉടൻ ഹർജി നൽകും എന്നും ആന്‍റോയുടെ അഭിഭാഷകൻ അറിയിച്ചു. റിപ്പോര്‍ട്ടര്‍ ചാനൽ ലേഖകനോടും സ്റ്റേഷനില്‍ ഹാജരാകാൻ പൊലീസ് നിര്‍ദേശിച്ചിരുന്നു.
കേസിനാസ്പദമായ സംഭവം ഇങ്ങനെ
രണ്ടാഴ്ച മുമ്പാണ് ഒരു പൊതുചടങ്ങിൽ സംസാരിക്കവേ ആന്‍റോ അഗസ്റ്റിൻ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുളള ഗുരുതര പരാമര്‍ശം നടത്തിയത്. മുഖ്യമന്ത്രിയെ പൊതുസമൂഹത്തിൽ അപമാനിച്ചതിനാണ് കേസ്. ആന്‍റോ അഗസ്റ്റിൻ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ആന്റോ അഗസ്റ്റിനും മറ്റു രണ്ടുപേരും ഗൂഢാലോചന നടത്തിയെന്നും അറിഞ്ഞുകൊണ്ട് വ്യാജരേഖ സൂക്ഷിച്ചു എന്നും എഫ്ഐആറിൽ പറയുന്നു.
കെപിസിസി വക്താവ് രാജു പി നായർ നൽകിയ പരാതിയിൽ കേസെടുക്കാൻ ഡിജിപിയാണ് നിർദേശിച്ചത്. കോടികളുടെ വിലവരുന്ന വിവാഹ രേഖകളുമായി രണ്ടു യുവാക്കള്‍ തന്നെ സമീപിച്ചുവെന്നും ബൈന്തുർ സബ് രജിസ്ട്രാർ ഓഫീസിൽ അതേ കുറിച്ച് അന്വേഷണം നടത്തിയെന്നും റിപ്പോർട്ടർ ചാനലിന്‍റെ ഉടമ ആന്‍റെ അഗസ്റ്റിനാണ് ഒരു ചടങ്ങിൽ വെളിപ്പെടുത്തിയത്. ഈ രേഖകള്‍ കൈവശമുണ്ടെന്നും അവകാശപ്പെട്ടിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ നോക്കി വ്യാജ രേഖയുണ്ടാക്കിയവരെ തിരിച്ചറയണമെന്നും രേഖകള്‍ പിടിച്ചെടുക്കണമെന്നും രാജു പി നായർ നൽകിയ പരാതിയിൽ പറയുന്നു.
അതേസമയം, അർജന്റീന ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തിൽ അന്വേഷണം കൂടുതൽ കടുപ്പിച്ച് പ്രത്യേക അന്വേഷണസംഘം. കേസിൽ ഉൾപ്പെട്ടവർക്കെതിരെ അഴിമതിനിരോധന നിയമപ്രകാരം കേസ്സെടുക്കാമെന്ന് എസ്ഐടി വ്യക്തമാക്കി. തട്ടിപ്പിൽ ആർ ബി സിക്കെതിരെ തെളിവുകൾ ലഭിച്ചതായും അന്വേഷണസംഘം വ്യക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോർട്ട് എസ്ഐടി ഇന്ന് സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറും.
നിലവിലെ എഫ്.ഐ.ആർ തിരുത്തി അഴിമതിനിരോധന വകുപ്പുകൾ കൂടി ഉൾപ്പെടുത്തി പുതുക്കാനാണ് നീക്കം. ഇതോടെ ആന്റോ അഗസ്റ്റിനും ഉദ്യോഗസ്ഥരും പ്രതികളാകും. അതേസമയം, തട്ടിപ്പിന്റെ വ്യാപ്തി കണക്കിലെടുത്ത് കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനും എസ്ഐടി സർക്കാരിനോട് ശുപാർശ ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
