കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലുള്ള ഹാലിഷഹറില്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വാഹനവ്യൂഹത്തിന് നേരെ പ്രതിഷേധക്കാരുടെ ആക്രമണം. പൊലീസിന്റെ സാന്നിധ്യത്തില്‍ സാമൂഹിക വിരുദ്ധര്‍ തന്റെ കാറിന് നേരെ കല്ലുകളും ഇഷ്ടികകളും എറിഞ്ഞുവെന്നും, വാഹനത്തിന്റെ വിന്റോകല്‍ അടച്ചിട്ടില്ലായിരുന്നുവെങ്കില്‍ തലയോട്ടി പിളര്‍ന്ന് ജീവന്‍ പോലും നഷ്ടപ്പെടുമായിരുന്നുവെന്നും മമത ബാനര്‍ജി ആരോപിച്ചു.
പൊലീസ് കസ്റ്റഡിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മുന്‍ തൃണമൂല്‍ കൗണ്‍സിലറുടെ ഭര്‍ത്താവ് ബിര്‍ജു കേയോട്ടിന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോകവേയാണ് സംഭവ വികാസങ്ങള്‍ അരങ്ങേറിയത്. ഹാലിഷഹറില്‍ വെച്ച് തൃണമൂല്‍ അധ്യക്ഷയുടെ കാര്‍ തടഞ്ഞുനിര്‍ത്തിയ പ്രതിഷേധക്കാര്‍, വാഹനത്തില്‍ ചെളി പുരട്ടുകയും ഷൂസുകളും കുടിവെള്ള ബോട്ടിലുകളും എറിയുകയും ചെയ്തു.
'ചോര്‍ ഭഗാവോ' (കള്ളനെ ഓടിക്കൂ) എന്ന മുദ്രാവാക്യങ്ങള്‍ മുഴക്കിയ പ്രതിഷേധക്കാരെ തള്ളിമാറ്റാന്‍ പൊലീസ് ശ്രമിച്ചെങ്കിലും സുരക്ഷാ വീഴ്ചയുണ്ടായെന്നാണ് ടിഎംസി നേതൃത്വം വ്യക്തമാക്കുന്നത്. ആക്രമണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച മമത ബാനര്‍ജി, ക്രമസമാധാന പാലനത്തില്‍ പൊലീസ് കാട്ടിയ നിഷ്‌ക്രിയത്വത്തെ രൂക്ഷമായി വിമര്‍ശിച്ചു. ബിജെപിയെ മാത്രം സംരക്ഷിക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിക്കുന്നതെന്നും, മുന്‍പൊരുപ്പോഴും ഇത്തരമൊരു ആക്രമണം നേരിടേണ്ടി വന്നിട്ടില്ലെന്നും അവര്‍ പറഞ്ഞു. മമതയ്ക്കൊപ്പമുണ്ടായിരുന്ന ലോക്‌സഭാ എംപി കല്യാണ്‍ ബാനര്‍ജിയും രാജ്യസഭാ എംപി ഡോള സെന്നും സംസ്ഥാന സര്‍ക്കാരിനെതിരെ രംഗത്തുവന്നു.
മുഖ്യമന്ത്രി സുവേന്ദു അധികാരി പൊലീസിനെ ദുരുപയോഗം ചെയ്താണ് ഭരണം നടത്തുന്നതെന്ന് കല്യാണ്‍ ബാനര്‍ജി കുറ്റപ്പെടുത്തി. അതേസമയം സംഭവത്തില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് വ്യക്തമാക്കി സംസ്ഥാന ബിജെപി അധ്യക്ഷന്‍ സമീക് ഭട്ടാചാര്യ ആക്രമണത്തെ അപലപിച്ചു. അക്രമ സംഭവങ്ങള്‍ ബംഗാളിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും കുറ്റക്കാര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഞ്ച്രപാറ മുന്‍സിപ്പാലിറ്റി മുന്‍ കൗണ്‍സിലര്‍ ജെനി ശര്‍മയുടെ ഭര്‍ത്താവായ ബിര്‍ജു കേയോട്ടിനെ പണം തട്ടിയെടുക്കല്‍ കേസിലാണ് പൊലീസ് കഴിഞ്ഞ വെള്ളിയാഴ്ച അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങിയത്. തുടര്‍ന്ന് ശനിയാഴ്ച കസ്റ്റഡിയിലിരിക്കെയാണ് ഇയാള്‍ മരണപ്പെടുന്നത്. ഭര്‍ത്താവിനെ ലോക്കപ്പില്‍ വെച്ച് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജെനി ശര്‍മ ആരോപിച്ചു. എഫ്ഐആറില്‍ പേര് പോലുമില്ലാത്തയാളെ അറസ്റ്റ് ചെയ്ത് കസ്റ്റഡി മരണത്തിലേക്ക് നയിച്ചത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജിയും പ്രതികരിച്ചു. കസ്റ്റഡി മരണ ആരോപണങ്ങളില്‍ പൊലീസ് ഇതുവരെ ഔദ്യോഗികമായി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
