തൃശ്ശൂർ: പാലിയേക്കര മേൽപ്പാലത്തിനടിയിൽ 70കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. തലവണിക്കരയിൽ വാടകയ്ക്ക് താമസിച്ചിരുന്ന പണ്ടാരപ്പറമ്പിൽ ചന്ദ്രനെ (70) കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് ധർമ്മപുരി സ്വദേശിയായ പ്രഭാകരനെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.
ജൂലൈ 14-ന് രാവിലെയാണ് പാലിയേക്കര മേൽപ്പാലത്തിന്റെ തൂണിൽ ചാരിയ നിലയിൽ ചന്ദ്രന്റെ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. തുടർന്ന് ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
കുടുംബത്തിൽ നിന്ന് വർഷങ്ങളായി അകന്ന് കഴിയുകയായിരുന്ന ചന്ദ്രൻ മേൽപ്പാലത്തിനടിയിലായിരുന്നു താമസം. ആക്രി ശേഖരിച്ച് വിറ്റാണ് ഉപജീവനം നടത്തിയിരുന്നത്. ഇതേ മേഖലയിൽ ആക്രി കച്ചവടം നടത്തുന്ന പ്രഭാകരൻ കഴിഞ്ഞ ഒരാഴ്ചയായി ചന്ദ്രനൊപ്പം രാത്രിയിൽ അവിടെ താമസിച്ചുവരികയായിരുന്നു.
സംഭവദിവസം ആക്രി വിറ്റ് ലഭിച്ച പണവുമായി ഇരുവരും കള്ളുഷാപ്പിൽ മദ്യപിക്കുകയും പിന്നീട് ബിവറേജിൽ നിന്ന് മദ്യം വാങ്ങി മേൽപ്പാലത്തിനടിയിൽ ഇരുന്ന് കുടിക്കുകയും ചെയ്തു. ഇതിനിടെ ഉണ്ടായ വാക്കുതർക്കത്തിനിടെ ചന്ദ്രൻ പ്രഭാകരന്റെ അമ്മയെ അസഭ്യം പറഞ്ഞതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
കരിങ്കല്ലും കോൺക്രീറ്റ് കഷണങ്ങളും ഉപയോഗിച്ച് ചന്ദ്രന്റെ തലയ്ക്ക് ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം കുട്ടനെല്ലൂർ ഭാഗത്തെ ആളൊഴിഞ്ഞ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെയാണ് പൊലീസ് പിടികൂടിയത്.
തമിഴ്നാട്ടിൽ ഒരാളെ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും മറ്റൊരാളെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച കേസിലും പ്രഭാകരൻ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
