അടിമാലി: വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള തോക്കുപാറ സൗഹൃദഗിരിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിലായിരുന്ന ആണ്‍കുഞ്ഞിന്റെ മൃതദേഹം ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ പോലീസ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. മൃതദേഹത്തിന് ഏതാനും ദിവസങ്ങളുടെ പഴക്കമുണ്ടെന്നും ഉറുമ്പരിച്ച നിലയിലായിരുന്നുവെന്നും വെള്ളത്തൂവല്‍ പോലീസ് അറിയിച്ചു.
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ശനിയാഴ്ച കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സമീപവാസിയായ യുവതിയെ പരിശോധിച്ച ഡോക്ടര്‍മാര്‍, അവര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പ്രസവിച്ചതായി കണ്ടെത്തിയിരുന്നു. എന്നാല്‍ പ്രസവവിവരം യുവതിയോ ബന്ധുക്കളോ ആശുപത്രി അധികൃതരെ അറിയിച്ചിരുന്നില്ല. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരം നല്‍കുകയും, ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളത്തൂവല്‍ പോലീസ് യുവതിയുടെ വീടും പരിസരവും പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെടുത്തത്.
സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടത്തിനും ഡി.എന്‍.എ പരിശോധനയ്ക്കുമായി കുഞ്ഞിന്റെ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നിലവില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള യുവതി പോലീസ് നിരീക്ഷണത്തിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
