വീണാ ജോര്‍ജിനെതിരായ വധശ്രമക്കേസ്: ഭൂരിഭാഗം മൊഴികളും വ്യാജം; ആയുധങ്ങളോ സിസിടിവി തെളിവുകളോ ഇല്ല, തുടരന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും

OCTOBER 29, 2026, 10:08 PM

കണ്ണൂര്‍: മുന്‍ മന്ത്രി വീണാ ജോര്‍ജിനുനേരേ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെ.എസ്.യു. പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍, പ്രത്യേക അന്വേഷണ സംഘത്തിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ ഡി.ജി.പി.ക്ക് കൈമാറും. ആദ്യ അന്വേഷണത്തിലെ ഗുരുതരമായ വീഴ്ചകളും തിരിമറികളും തുറന്നുകാട്ടുന്നതാണ് കേസിന്റെ അവസാനഘട്ടത്തിലെത്തിനില്‍ക്കുന്ന ഈ അന്വേഷണ റിപ്പോര്‍ട്ട്. കെ.എ.പി നാലാം ബറ്റാലിയന്‍ കമന്‍ഡാന്റ് യു. പ്രേമന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് കേസില്‍ പുനരന്വേഷണം നടത്തിയത്.

കേസില്‍ മുന്‍പ് രേഖപ്പെടുത്തിയ ഭൂരിഭാഗം മൊഴികളും വ്യാജമായിരുന്നുവെന്നാണ് പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ വ്യക്തമാകുന്നത്. മന്ത്രിയെ കെ.എസ്.യു പ്രവര്‍ത്തകര്‍ ആക്രമിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നും മന്ത്രിയുടെ നേരിട്ടുള്ള നിര്‍ദേശ പ്രകാരമാണ് വധശ്രമത്തിന് കേസ് എടുക്കത്തക്ക രീതിയില്‍ ആദ്യമൊഴി നല്‍കിയതെന്നും മന്ത്രിയുടെ ഗണ്‍മാന്‍ അഭിലാഷ് പ്രത്യേക സംഘത്തിന് മുന്നില്‍ മൊഴി തിരുത്തി നല്‍കി. സമരക്കാര്‍ തന്നെ വധിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് വീണാ ജോര്‍ജ് തന്നെ നേരിട്ട് എസ്.ഐ.ടി.ക്ക് മുന്‍പില്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

കൂടാതെ സുരക്ഷാ ചുമതലയുണ്ടായിരുന്ന കണ്ണൂര്‍ ടൗണ്‍ മുന്‍ എസ്.ഐ വി.വി ദീപ്തിയുടെ പേരിലും ആദ്യ സംഘം കള്ളമൊഴിയാണ് ഉണ്ടാക്കിയതെന്ന് കണ്ടെത്തി. ആക്രമണത്തിനിടെ മന്ത്രി തെറിച്ചുപോയി എന്ന് ആദ്യ സംഘം വ്യാജമായി എഴുതിച്ചേര്‍ക്കുകയായിരുന്നുവെന്നും തന്നോട് അന്വേഷണ സംഘം സംസാരിച്ചിട്ടുപോലുമില്ലെന്നുമാണ് മുന്‍ എസ്.ഐ. വ്യക്തമാക്കിയത്.

വധശ്രമം നടന്നു എന്ന വാദത്തെ സാധൂകരിക്കുന്ന യാതൊരുവിധ തെളിവുകളും അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല എന്നതാണ് മറ്റൊരു പ്രധാന വസ്തുത. പ്രതികളായ കെ.എസ്.യു നേതാക്കളെ തെളിവെടുപ്പിന് എത്തിച്ചെങ്കിലും മന്ത്രിക്കുനേരേ വീശിയ കരിന്തുണി വാങ്ങിയ കട കണ്ടെത്തിയതല്ലാതെ മറ്റ് ആയുധങ്ങളൊന്നും ലഭിച്ചില്ല. തൊണ്ടിയായി കരിന്തുണി മാത്രമാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. റെയില്‍വേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചപ്പോഴും ആക്രമണ ദൃശ്യങ്ങളൊന്നും കണ്ടെത്താനായില്ല. മന്ത്രിയെ ചികിത്സിച്ച കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ മൊഴിയും കേസില്‍ നിര്‍ണായകമായി. മന്ത്രിയുടെ കഴുത്തില്‍ ആക്രമണം നടന്നതിന്റെ യാതൊരു ലക്ഷണങ്ങളും ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയത്.

കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി അതുല്‍, ട്രഷറര്‍ വി.വി അക്ഷയ്, സി.എച്ച്. മുബാസ്, ബിതുല്‍ ബാലന്‍, അഹമ്മദ് യാസിന്‍ എന്നിവരാണ് കേസില്‍ ആരോപണവിധേയരായ പ്രതികള്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam