കണ്ണൂർ: പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം രംഗത്ത്. എരമം സ്വദേശിയായ രണ്ടുവയസുകാരൻ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ ബോധരഹിതനായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന വിവരം.
കളിക്കുന്നതിനിടെ വീണ് ചുണ്ടിന് മുറിവേറ്റ കുട്ടിയെ ചികിത്സയ്ക്കായാണ് ആശുപത്രിയിലെത്തിച്ചത്. മുറിവ് തുന്നുന്നതിനിടെ കുട്ടി വേദനകൊണ്ട് കരഞ്ഞതിനെ തുടർന്ന് അനസ്‌തേഷ്യ നൽകാൻ ഡോക്ടർമാർ തീരുമാനിച്ചതായാണ് വിവരം. എന്നാൽ അനസ്‌തേഷ്യ നൽകിയ ഉടൻ കുട്ടി ബോധരഹിതനാകുകയും പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു.
ആശുപത്രിയുടെ ഭാഗത്ത് ഗുരുതര ചികിത്സാപ്പിഴവുണ്ടായെന്നാണ് കുട്ടിയുടെ ബന്ധുക്കളുടെ ആരോപണം. ആവശ്യത്തിലധികം അനസ്‌തേഷ്യ നൽകിയതാണ് കുട്ടിയുടെ ആരോഗ്യനില വഷളാകാൻ കാരണമായതെന്നാണ് കുടുംബം പറയുന്നത്.
അതേസമയം, ചികിത്സാപ്പിഴവെന്ന ആരോപണം ആശുപത്രി അധികൃതർ തള്ളി. അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ കുട്ടിക്ക് ഹൃദയാഘാതം ഉണ്ടായെന്നും ഉടൻ തന്നെ വെന്റിലേറ്ററിലേക്ക് മാറ്റി ആവശ്യമായ എല്ലാ അടിയന്തര ചികിത്സയും നൽകിയതായും ആശുപത്രി വ്യക്തമാക്കി. അനസ്‌തേഷ്യ ഏത് അളവിൽ നൽകിയാലും അതിന് ചില അപകടസാധ്യതകൾ ഉണ്ടാകാമെന്നും നിലവിൽ കുട്ടിക്ക് ലഭിക്കേണ്ട പരമാവധി ചികിത്സ തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
