തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരം 37 ദിവസം പിന്നിടുമ്പോൾ ഉദ്യോഗാർഥികളെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. ഇന്ന് രാവിലെ 10.30ന് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ചേംബറിലാണ് ചർച്ച. സമരസമിതി ഇതുവരെ ഏഴ് തവണ സർക്കാരിനെ സമീപിച്ചിരുന്നെങ്കിലും ആദ്യമായാണ് സർക്കാർ മുൻകൈയെടുത്ത് ഔദ്യോഗികമായി ചർച്ചയ്ക്ക് വിളിക്കുന്നത്.
2025 മേയ് 31ന് പി.എസ്.സി പ്രസിദ്ധീകരിച്ച എൽപി സ്കൂൾ അധ്യാപക റാങ്ക് പട്ടികയിൽ നിന്ന് ഒരു വർഷം പിന്നിട്ടിട്ടും മതിയായ നിയമനം നടന്നിട്ടില്ലെന്നാണ് ഉദ്യോഗാർഥികളുടെ പരാതി. പല ജില്ലകളിലും റാങ്ക് പട്ടികയിലെ ആദ്യ റാങ്കുകാർക്ക് പോലും ഇതുവരെ നിയമനം ലഭിച്ചിട്ടില്ലെന്നും അവർ ആരോപിക്കുന്നു.
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം അനിശ്ചിതത്വത്തിലായതിനെ തുടർന്നാണ് ഉദ്യോഗാർഥികൾ വീണ്ടും സമരവുമായി രംഗത്തെത്തിയത്. ഇടത് സർക്കാരിന്റെ അവസാന കാലത്തും എൽപിഎസ്ടി ഉദ്യോഗാർഥികൾ നിയമനാവശ്യവുമായി പ്രതിഷേധിച്ചിരുന്നു.
അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കണമെന്നാണ് ഉദ്യോഗാർഥികളുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. ഡിവിഷൻ ഫാൾ നേരിടുന്ന അധ്യാപകരെ പ്രധാനാധ്യാപക ഒഴിവുകളിലേക്ക് പുനർവിന്യസിക്കുക, വിരമിക്കൽ ഉൾപ്പെടെയുള്ള ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുക, ഒഴിവുകളിലേക്ക് അടിയന്തരമായി നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങളും സമരസമിതി മുന്നോട്ടുവയ്ക്കുന്നു.
സർക്കാരുമായുള്ള ഇന്നത്തെ ചർച്ചയിൽ നിയമനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് ഉദ്യോഗാർഥികളുടെ പ്രതീക്ഷ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
