ന്യൂഡെല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 26 നിരപരാധികളുടെ മരണത്തിന് കാരണമായതിന് പ്രതികാരമായി ഒരു തുള്ളി വെള്ളം പോലും പാകിസ്ഥാനിലേക്ക് ഒഴുകാന്‍ ഇന്ത്യ അനുവദിക്കില്ലെന്ന് ജലശക്തി മന്ത്രി സിആര്‍ പാട്ടീല്‍ പറഞ്ഞു.
''ഇന്ത്യയില്‍ നിന്ന് ഒരു തുള്ളി വെള്ളം പോലും പാകിസ്ഥാനിലേക്ക് ഒഴുകുന്നില്ലെന്ന് ഞങ്ങള്‍ ഉറപ്പാക്കും,'' സിആര്‍ പാട്ടീല്‍ പറഞ്ഞു.
പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ ഇന്ത്യ നിര്‍ത്തിവച്ചതിനെത്തുടര്‍ന്ന് ഭാവി നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
പാട്ടീലിന് പുറമേ, നിരവധി മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉന്നതതല യോഗത്തില്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അവയുടെ തുടര്‍നടപടികള്‍ക്കായാണ് യോഗം ചേര്‍ന്നതെന്നും പാട്ടീല്‍ പറഞ്ഞു. കേന്ദ്രത്തിന്റെ തീരുമാനം ഫലപ്രദമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ അമിത് ഷായും നിരവധി നിര്‍ദ്ദേശങ്ങള്‍ നല്‍കി.
'സിന്ധു നദീജല ഉടമ്പടി സംബന്ധിച്ച മോദി സര്‍ക്കാരിന്റെ ചരിത്രപരമായ തീരുമാനം നിയമപരവും ദേശീയ താല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ളതുമാണ്. സിന്ധു നദിയിലെ ഒരു തുള്ളി വെള്ളം പോലും പാകിസ്ഥാനിലേക്ക് ഒഴുകുന്നില്ലെന്ന് ഞങ്ങള്‍ ഉറപ്പാക്കും' പാട്ടീല്‍ പിന്നീട് എക്സില്‍ പോസ്റ്റ് ചെയ്തു.
ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും സിന്ധു നദീജല കരാര്‍ റദ്ദാക്കിയതിനെ സ്വാഗതം ചെയ്തു. കരാര്‍ കേന്ദ്രഭരണ പ്രദേശത്തെ ജനങ്ങളെ സംബന്ധിച്ച് ഏറ്റവും അന്യായമായ രേഖയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
'ഇന്ത്യാ സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ജമ്മു കശ്മീരിനെ സംബന്ധിച്ചിടത്തോളം, സത്യസന്ധമായി പറഞ്ഞാല്‍, സിന്ധു നദീജല ഉടമ്പടിയെ ഞങ്ങള്‍ ഒരിക്കലും അനുകൂലിച്ചിട്ടില്ല. ഇനി, ഇതിന്റെ ഇടത്തരം മുതല്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണെന്ന് കാണാന്‍ നമ്മള്‍ കാത്തിരിക്കണം,' അബ്ദുള്ള പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്