ഇൻഡോർ: കഴിഞ്ഞ അഞ്ച് വർഷമായി ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന യുവതി ഉടൻ തന്നെ ഭർത്താവിന്റെ വീട്ടിലേക്ക് തിരിച്ചുപോകണമെന്ന ഉത്തരവുമായി കോടതി. വിവാഹത്തിന് ശേഷം സിന്ദൂരം അണിയേണ്ടത് ഹിന്ദു സ്ത്രീയുടെ ബാധ്യതയാണെന്നും അവൾ വിവാഹിതയാണെന്നതിനുള്ള തെളിവാണതെന്നും കോടതി പറഞ്ഞു. മദ്ധ്യപ്രദേശിലെ ഇൻഡോറിലുള്ള കുടുംബ കോടതിയാണ് ദമ്പതികൾ തമ്മിലുള്ള തർക്കത്തിൽ വ്യത്യസ്തമായ വിധി പറഞ്ഞത്.
ഭാര്യ പിണങ്ങിപ്പോയതിന് പിന്നാലെ ഹിന്ദു വിവാഹ നിയമ പ്രകാരം തന്റെ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ഭർത്താവ് കുടുംബ കോടതിയെ സമീപിച്ചത് എന്നാണ് പുറത്തു വരുന്ന വിവരം. കേസിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തിയപ്പോൾ യുവതി സിന്ദൂരം അണിയാറില്ലെന്ന് സമ്മതിച്ചതായി ഇൻഡോർ കുടുംബ കോടതി പ്രിൻസിപ്പൽ ജഡ്ജി എൻ.പി സിങ് പുറപ്പെടുവിച്ച വിധിയിൽ വിശദീകരിക്കുന്നു.
അതേസമയം സിന്ദൂരം അണിയേണ്ടത് ഭാര്യയുടെ മതപരമായ ബാധ്യതയാണ്. സ്ത്രീ വിവാഹിതയാണെന്നതിന്റെ അടയാളമാണത് എന്നാണ് കോടതി നിരീക്ഷിച്ചത്. അവരെ ഭർത്താവ് ഉപേക്ഷിച്ചതല്ലെന്നും ഭാര്യയാണ് ഭർത്താവിനെ ഉപേക്ഷിച്ചുപോയി വിവാഹ മോചനം തേടിയതെന്നും സ്ത്രീയുടെ വാദങ്ങളിൽ നിന്നും വ്യക്തമാവുന്നതായും ഉത്തരവിൽ പറയുന്നു.
എന്നാൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് ശാരീരികവും മാനസികവുമായി പീഡിപ്പിക്കാറുണ്ടെന്ന് യുവതി ആരോപിച്ചു. ഇത് കോടതി കണക്കിലെടുത്തില്ല. തെളിവുകളും മൊഴികളും പരിശോധിക്കുമ്പോൾ ഈ ആരോപണങ്ങൾ ശരിവെയ്ക്കുന്ന തരത്തിൽ യുവതി പൊലീസിൽ പരാതികളൊന്നും കൊടുത്തിട്ടില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്