ന്യൂഡല്‍ഹി: നിരാഹാര സമരം നടത്തുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുകിനെ ആശുപത്രിയിലേക്ക് മാറ്റിയ നടപടിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി പൊലീസിനും നോട്ടീസ് അയച്ചു. മൂന്ന് ദിവസത്തിനകം വിഷയത്തില്‍ വിശദമായ മറുപടി നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
അതേസമയം വാങ്ചുകിന്റെ ചികിത്സ നിലവില്‍ സഫ്ദര്‍ജങ് ആശുപത്രിയില്‍ തന്നെ തുടരുമെന്ന് വ്യക്തമാക്കിയ കോടതി, ഈ കേസ് ഈ മാസം 24-ന് വീണ്ടും പരിഗണിക്കാനായി മാറ്റിവെച്ചു. വാങ്ചുകിനെ ആശുപത്രിയില്‍ അന്യായമായി തടങ്കലില്‍ വെച്ചിരിക്കുകയാണെന്നും അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ആങ്‌മോ നല്‍കിയ ഹര്‍ജിയിലാണ് നടപടി.
വാങ്ചുകിന്റെ സമരത്തെ അടിച്ചമര്‍ത്താനുള്ള രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ഹര്‍ജിക്കാരിക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയില്‍ വാദിച്ചു. ലഡാക്കില്‍ 35 ദിവസത്തോളം സമരം ചെയ്തപ്പോള്‍ തിരിഞ്ഞുനോക്കാത്ത കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ അനാവശ്യമായി ഇടപെടുകയാണെന്നും, അദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുന്ന മുറിയില്‍ പോലും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാതിരുന്നിട്ടും പൊലീസ് ബലം പ്രയോഗിച്ചാണ് അദ്ദേഹത്തെ മാറ്റിയതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
എന്നാല്‍ വാങ്ചുകിന്റെ ആരോഗ്യം സംരക്ഷിക്കാനും ആവശ്യമായ ചികിത്സ ഉറപ്പാക്കാനുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായാല്‍ ആര് ഉത്തരവാദിത്തം പറയുമെന്ന ചോദ്യവും സര്‍ക്കാര്‍ ഉന്നയിച്ചു. നിലവിലെ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച കോടതി, ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങളോടും ചികിത്സയോടും വാങ്ചുക് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ആശുപത്രി അധികൃതര്‍ നിശ്ചയിച്ചിട്ടുള്ള സന്ദര്‍ശന സമയങ്ങളില്‍ കുടുംബാംഗങ്ങള്‍ക്ക് അദ്ദേഹത്തെ കാണാമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
