ന്യൂഡല്‍ഹി: പതിനാല് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മതബോധനവും മതേതര വിദ്യാഭ്യാസവും നല്‍കുന്ന രാജ്യത്തെ മുഴുവന്‍ സ്ഥാപനങ്ങളെയും നിയന്ത്രിക്കാനും നിരീക്ഷിക്കാനും സംവിധാനമൊരുക്കണമെന്ന ആവശ്യത്തില്‍ നടപടിയെടുക്കാത്ത കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനെതിരെ സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. മുന്‍ ഉത്തരവുകള്‍ ഉണ്ടായിട്ടും വിഷയത്തില്‍ തീരുമാനമെടുക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ടി.കെ അനില്‍ കുമാറിന് സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. ജസ്റ്റിസ് ദിപാങ്കര്‍ ദത്ത, ജസ്റ്റിസ് ശീല്‍ നാഗു എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ച് വിഷയത്തില്‍ നാലാഴ്ചയ്ക്കകം വിശദമായ മറുപടി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
അഭിഭാഷകനായ അശ്വിനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഈ നിര്‍ണ്ണായക നടപടി. പതിനാല് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പഠനം നല്‍കുന്ന ഇത്തരം സ്ഥാപനങ്ങളെ ക്രമപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഉപാധ്യായ നല്‍കിയ ഹര്‍ജിയില്‍, വിഷയം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കാന്‍ കഴിഞ്ഞ മേയ് 11 ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഉത്തരവിനെ തുടര്‍ന്ന് സര്‍ക്കാരിന് നിവേദനം നല്‍കിയെങ്കിലും വിദ്യാഭ്യാസ മന്ത്രാലയം തുടര്‍നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍ക്കാരുകളുടെ കൃത്യമായ മേല്‍നോട്ടമില്ലാത്തതിനാല്‍ ആയിരക്കണക്കിന് രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നതെന്നും മതബോധനത്തിന്റെ മറവില്‍ ഇവിടങ്ങളില്‍ കുട്ടികളെ തീവ്രവാദ ചിന്തകളിലേക്ക് തള്ളിയിടുകയാണെന്നും ഉപാധ്യായ തന്റെ ഹര്‍ജിയിലൂടെ വാദിക്കുന്നു. അഭിഭാഷകന്‍ അശ്വനി ദുബെ മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഏകീകൃത മേല്‍നോട്ടം വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്.
ഭരണഘടനയുടെ അനുച്ഛേദം 21A, 39(f), 45, 51-A(k) എന്നിവ മുന്‍നിര്‍ത്തി കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന എല്ലാ സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യാനും നിരീക്ഷിക്കാനും വ്യക്തമായ നിയമപരമായ സംവിധാനം ഉണ്ടാക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. കൂടാതെ ഭരണഘടനയുടെ അനുച്ഛേദം 30 പ്രകാരം ന്യൂനപക്ഷങ്ങള്‍ക്ക് അനുച്ഛേദം 19(1)(g) അനുശാസിക്കുന്ന തൊഴില്‍ അവകാശങ്ങള്‍ക്ക് പുറമെ പ്രത്യേക ആനുകൂല്യങ്ങളൊന്നും നല്‍കുന്നില്ലെന്ന് വ്യക്തമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
