മാപ്പുസ: ഗോവയിലെ ആർപോറയിലുള്ള 'ബിർച്ച് ബൈ റോമിയോ ലെയ്ൻ' നൈറ്റ് ക്ലബ്ബിലുണ്ടായ തീപിടുത്തക്കേസിലെ മൂന്ന് പ്രധാന പ്രതികൾ തിങ്കളാഴ്ച മാപ്പുസ അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതിയിൽ കീഴടങ്ങി.
നൈറ്റ് ക്ലബ് ഉടമകളായ സൗരഭ് ലൂത്ര, ഗൗരവ് ലൂത്ര, ഇവരുടെ ബിസിനസ് പങ്കാളിയായ അജയ് ഗുപ്ത എന്നിവരാണ് സുപ്രീം കോടതി നിർദേശപ്രകാരം കോടതിയിലെത്തിയത്. 2025 ഡിസംബർ 6-ന് നടന്ന ദുരന്തത്തിൽ 25 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രതികളുടെ ജാമ്യം റദ്ദാക്കിയ ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെയുള്ള ഹർജികൾ ആഗസ്റ്റ് 31-ന് തള്ളിയ സുപ്രീം കോടതി, രണ്ടാഴ്ചയ്ക്കകം കീഴടങ്ങാൻ പ്രതികൾക്ക് നിർദേശം നൽകുകയും വിചാരണ നടപടികൾ വേഗത്തിലാക്കാൻ വിചാരണക്കോടതിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പ്രതികൾ കീഴടങ്ങിയത് കോടതി അംഗീകരിച്ചെന്നും ആവശ്യമായ റിമാൻഡ് ഉത്തരവുകൾ പുറപ്പെടുവിച്ചെന്നും പ്രതികളുടെ അഭിഭാഷക സൗമ്യ ദ്രാഗോ വ്യക്തമാക്കി. പ്രതികളുടെ ചികിത്സാ രേഖകളുടെയും ഡോക്ടർമാരുടെ കുറിപ്പുകളുടെയും അടിസ്ഥാനത്തിൽ പ്രത്യേക വൈദ്യസഹായങ്ങളും താമസസൗകര്യങ്ങളും ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.
മരുന്നുകളും മെത്തയും ഉപയോഗിക്കാൻ കോടതി അനുമതി നൽകിയെങ്കിലും, പ്രത്യേക പാദരക്ഷകൾ വേണമെന്ന ആവശ്യം അന്വേഷണ ഉദ്യോഗസ്ഥന്റെ മറുപടി തേടിക്കൊണ്ട് മാറ്റിവെച്ചു. വിഷയം അടുത്ത പ്രവൃത്തിദിവസം കോടതി വീണ്ടും പരിഗണിക്കും.
കേസിന്റെ ഗൗരവം കണക്കിലെടുത്ത് ആഗസ്റ്റ് 18-നാണ് ഹൈക്കോടതി ജാമ്യം റദ്ദാക്കിയത്. മനഃപൂർവ്വമല്ലാത്ത നരഹത്യ, മനുഷ്യജീവന് അപകടമുണ്ടാക്കൽ, തീപിടിത്ത വസ്തുക്കളിലെ അശ്രദ്ധ, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
