ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ ഫത്തേപ്പുർ ബേരിയിൽ ജിം ട്രെയിനറായ യുവാവിനെ വെടിവെച്ചുകൊന്നു. ആയാ നഗർ ഗ്രാമത്തിൽ ഹൻസ ചൗക്കിന് സമീപം തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.
ഫത്തേപ്പുർ ബേരി സ്വദേശിയായ വിജയ് (28) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ജിമ്മിലായിരുന്ന വിജയിയെ അക്രമികൾ പുറത്തേക്ക് വിളിച്ചിറക്കിയ ശേഷം ബൈക്കിലെത്തിയ രണ്ടാളുകൾ തുടരെ വെടിയുതിർക്കുകയായിരുന്നു. സംഭവസ്ഥലത്ത് 15 റൗണ്ടോളം വെടിവെപ്പ് നടന്നതായാണ് വിവരം.ഗുരുതരമായി പരിക്കേറ്റ വിജയിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ക്രൂരമായ കൊലപാതകത്തിനു ശേഷം പ്രതികൾ ഇരുചക്രവാഹനത്തിൽ രക്ഷപ്പെട്ടു. ജനവാസ മേഖലയിലുണ്ടായ തുടർച്ചയായ വെടിവെപ്പ് പ്രദേശവാസികളിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. വിവരമറിഞ്ഞ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് സംഘവും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
ഗ്രാമത്തിലെ കുടുംബങ്ങൾ തമ്മിലുള്ള മുൻകാല ശത്രുതയാണോ സംഭവത്തിന് പിന്നിലെന്ന് പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. മാസങ്ങൾക്ക് മുൻപും പ്രദേശത്ത് സമാനമായ രീതിയിൽ വെടിവെപ്പ് നടന്നിട്ടുള്ളതിനാൽ ആയാ നഗറിൽ ക്രമസമാധാന നില ഉറപ്പാക്കാനും സംഘർഷസാധ്യത ഒഴിവാക്കാനും കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
