'പ്രസവിച്ചാല്‍ കരിയര്‍ തീരില്ല'; പൂട്ടിക്കെട്ടിയ സങ്കല്‍പ്പങ്ങള്‍ തിരുത്തിയ ദീപികയ്ക്കും കരീനയ്ക്കും നീന ഗുപ്തയുടെ കൈയടി!

SEPTEMBER 14, 2026, 5:17 AM

വിവാഹത്തോടും പ്രസവത്തോടും കൂടി നടിമാരുടെ സിനിമാ കരിയര്‍ അവസാനിക്കുന്നു എന്ന കാലഹരണപ്പെട്ട സങ്കല്‍പ്പങ്ങള്‍ മാറിമറിഞ്ഞതായി പ്രമുഖ ബോളിവുഡ് താരം നീന ഗുപ്ത. വിവാഹത്തിനും അമ്മയാകുന്നതിനും ശേഷവും അഭിനയരംഗത്ത് സജീവമായി തുടരുന്ന കരീന കപൂര്‍, ദീപിക പദുകോണ്‍ തുടങ്ങിയ മുന്‍നിര നടിമാരുടെ ഇടപെടലുകള്‍ വലിയ മാറ്റങ്ങള്‍ക്കാണ് വഴിതുറന്നിരിക്കുന്നതെന്ന് ഒരു അഭിമുഖത്തില്‍ നീന ഗുപ്ത വ്യക്തമാക്കി.

മുന്‍കാലങ്ങളില്‍ വിവാഹശേഷം സ്ത്രീകള്‍ അഭിനയരംഗത്ത് നിന്ന് പിന്മാറാന്‍ നിര്‍ബന്ധിതരായിരുന്നെങ്കില്‍, ഇന്നത്തെ തലമുറ ആ സങ്കല്പങ്ങളെ പൂര്‍ണ്ണമായും തിരുത്തിയെഴുതുകയാണ്. 'കരീനയുടെയും ദീപികയുടെയും കാര്യത്തില്‍ എനിക്ക് വലിയ അഭിമാനമുണ്ട്. അമ്മയായ ശേഷവും ശരീരം സംരക്ഷിച്ച് അവര്‍ വീണ്ടും ജോലിയിലേക്ക് തിരിച്ചെത്തുന്നു. കിയാരയെപ്പോലുള്ള താരങ്ങളും ഈ മാറ്റത്തിന് ഉദാഹരണമാണ്. ജോലി ചെയ്തുകൊണ്ടിരിക്കെത്തന്നെയാണ് ദീപിക രണ്ടാമതും ഗര്‍ഭിണിയാകുന്നത്. ഇവരുടെ ഭര്‍ത്താക്കന്മാരും ഇതിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ട്,'- നീന ഗുപ്ത പറഞ്ഞു.

സ്ത്രീശരീരങ്ങള്‍ക്ക് മേലുള്ള അനാവശ്യ നിരീക്ഷണങ്ങളെക്കുറിച്ചും ശരീര അധിക്ഷേപങ്ങളെക്കുറിച്ചും നടി തുറന്നുപറഞ്ഞു. കരിയറിന്റെ തുടക്കകാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ നിന്ന് വസ്ത്രധാരണത്തിന്റെ പേരിലും മെലിഞ്ഞ കാലുകളുടെ പേരിലും തനിക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് അവര്‍ ഓര്‍ത്തെടുത്തു.

എന്നാല്‍ ഇത്തരം നെഗറ്റീവ് കമന്റുകള്‍ തന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടില്ലെന്ന് നീന വ്യക്തമാക്കുന്നു. 'നമ്മള്‍ അറിയുകപോലും ചെയ്യാത്ത ആളുകളുടെ മോശം അഭിപ്രായങ്ങള്‍ക്ക് എന്ത് പ്രാധാന്യമാണുള്ളത്? മറ്റുള്ളവര്‍ എന്ത് വേണമെങ്കിലും പറയട്ടെ എന്ന നിലപാടാണ് എനിക്കുള്ളത്,' അവര്‍ കൂട്ടിച്ചേര്‍ത്തു. സൗന്ദര്യത്തെയും പ്രായമാകലിനെയും കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളേക്കാള്‍ പ്രധാനം സ്വന്തം ശാരീരിക-മാനസിക ആരോഗ്യവും സ്വയം അംഗീകരിക്കാനുള്ള മനസ്സുമാണെന്ന ശക്തമായ സന്ദേശവും നീന ഗുപ്ത പങ്കുവെച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam