ചെന്നൈ: ഒഴിഞ്ഞ മദ്യക്കുപ്പികൾ തിരിച്ചെടുക്കുന്നതിനായി ടാസ്മാക് (TASMAC) മദ്യവിൽപ്പനശാലകളോട് ചേർന്ന് 'റിവേഴ്‌സ് വെൻഡിങ് മെഷീനുകൾ' സ്ഥാപിക്കുമെന്ന് തമിഴ്‌നാട് സർക്കാർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ഇത് നടപ്പാക്കുന്നതിനായി കോടതി സർക്കാരിന് മൂന്നുമാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.
ഒഴിഞ്ഞ മദ്യക്കുപ്പികൾ തിരിച്ചേൽപ്പിക്കുമ്പോൾ പത്തുരൂപ നൽകുന്ന പദ്ധതി തമിഴ്‌നാട് സർക്കാർ നേരത്തെ ആരംഭിച്ചിരുന്നു. ഇതിനായി മദ്യം വാങ്ങുമ്പോൾ കുപ്പി ഒന്നിന് പത്തുരൂപ അധികമായി ഈടാക്കുന്നുമുണ്ട്. എന്നാൽ, ജീവനക്കാരുടെ കുറവും സ്ഥലപരിമിതിയും കാരണം പദ്ധതി പൂർണമായി വിജയകരമാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് യന്ത്രസംവിധാനം ഏർപ്പെടുത്തുന്നത്.
പദ്ധതിക്കായി ടെൻഡർ ക്ഷണിച്ചിട്ടുണ്ടെന്ന് ടാസ്മാക് അധികൃതർ കോടതിയെ അറിയിച്ചു. ആദ്യഘട്ടത്തിൽ 4,000 ടാസ്മാക് ഷോപ്പുകളിലാണ് മെഷീനുകൾ സ്ഥാപിക്കുക. കരാർ എടുക്കുന്നവർ സ്വന്തം ചെലവിൽ യന്ത്രങ്ങൾ സ്ഥാപിക്കുകയും സ്ഥലവാടക നൽകുകയും വേണം. കുപ്പികൾ തിരിച്ചെത്തിക്കുന്നവർക്കുള്ള 10 രൂപ സർക്കാർ നൽകും. ശേഖരിക്കുന്ന കാലിക്കുപ്പികൾ വിറ്റു കിട്ടുന്ന തുകയാണ് നടത്തിപ്പുകാരുടെ വരുമാനം.
ഇതിനുപുറമെ, മദ്യക്കുപ്പികളിൽ പരിസ്ഥിതി-സാമൂഹികനീതി സെസ് ആയി 20 രൂപ ചുമത്താൻ തീരുമാനിച്ചതായും സർക്കാർ കോടതിയെ അറിയിച്ചു. കുപ്പികൾ പൂർണമായി തിരിച്ചെത്താത്തതിനെ തുടർന്ന് ഡിപ്പോസിറ്റ് ഇനത്തിൽ ശേഖരിച്ച 51.82 കോടി രൂപ നിലവിൽ ടാസ്മാക്കിന്റെ കൈവശമുണ്ട്. ഇതുവരെ കാലിക്കുപ്പികൾ വിറ്റഴിച്ച വകയിൽ 148.40 കോടി രൂപ ലഭിച്ചതായും അധികൃതർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
