ബ്രിക്സ് സംയുക്ത പ്രസ്താവന അംഗീകരിച്ചു; ഡോളറിന് പകരം പ്രാദേശിക കറന്‍സി ഉപയോഗിക്കാനും യു.എന്‍ രക്ഷാസമിതി പുനസംഘടിപ്പിക്കാനും ധാരണ

SEPTEMBER 12, 2026, 7:26 AM

ന്യൂഡല്‍ഹി: ആഗോള വ്യാപാരത്തില്‍ യു.എസ് ഡോളറിന്റെ മേധാവിത്വം കുറയ്ക്കുന്നതിനായി ബ്രിക്സ് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം അതത് രാജ്യങ്ങളുടെ പ്രാദേശിക കറന്‍സികളിലേക്ക് മാറ്റാനും, ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയില്‍ ഘടനാപരമായ മാറ്റങ്ങള്‍ വരുത്താനും ധാരണയായി. ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുത്ത എല്ലാ അംഗരാജ്യങ്ങളുടെയും പൂര്‍ണ സമ്മതത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രഖ്യാപന രേഖ ഔദ്യോഗികമായി പുറത്തുവിട്ടത്.

രക്ഷാസമിതിയില്‍ കൂടുതല്‍ പങ്കുവഹിക്കാനുള്ള ഇന്ത്യയുടെയും ബ്രസീലിന്റെയും താല്പര്യങ്ങള്‍ക്ക് സ്ഥിരാംഗങ്ങളായ റഷ്യയും ചൈനയും പിന്തുണ ആവര്‍ത്തിച്ചത് ഇന്ത്യയുടെ വലിയ നയതന്ത്ര വിജയമായി മാറി. ആഫ്രിക്ക, ഏഷ്യ, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ക്ക് രക്ഷാസമിതിയില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന് സംയുക്ത പ്രസ്താവന ആവശ്യപ്പെടുന്നു. കൂടാതെ ഭീകരവാദത്തെ ശക്തമായി അപലപിച്ച പ്രസ്താവന, പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഗാസയില്‍ അടിയന്തരമായി മാനുഷിക സഹായം ഉറപ്പാക്കണമെന്നും പാലസ്തീനില്‍ ദ്വിരാഷ്ട്ര പരിഹാരം വേണമെന്നും വ്യക്തമാക്കി.

കടല്‍മാര്‍ഗമുള്ള വാണിജ്യ കപ്പല്‍ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ഏകപക്ഷീയമായ യുദ്ധങ്ങളെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ബ്രിക്സ് രാഷ്ട്രങ്ങള്‍ സംയുക്തമായി പ്രഖ്യാപിച്ചു. ബ്രിക്സ് കൂട്ടായ്മ ആര്‍ക്കും എതിരല്ലെന്നും ചില രാജ്യങ്ങളില്‍ മാത്രം ആഗോള അധികാരം കേന്ദ്രീകരിക്കുന്ന സ്ഥിതിക്ക് മാറ്റം വരണമെന്നും ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ ഗ്ലോബല്‍ സൗത്ത് ഇനി ലോകത്തെ നയിക്കുന്ന നിയമനിര്‍മാതാക്കളായി മാറണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

അധ്യക്ഷപദവി വര്‍ഷം തോറും മാറുമ്പോഴും കൂട്ടായ്മയുടെ പ്രവര്‍ത്തന മുന്നേറ്റം തടസ്സപ്പെടാതിരിക്കാന്‍ ഒരു തുടര്‍ച്ച നടപ്പാക്കല്‍ സംവിധാനം വേണമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു.

ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുത്തു. പശ്ചിമേഷ്യന്‍ വിഷയത്തില്‍ നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യന്‍ ഷെര്‍പ്പ സുധാകര്‍ ദലേലയുടെ നേതൃത്വത്തില്‍ ഇറാന്‍, യു.എ.ഇ ഷെര്‍പ്പകളുമായി നടത്തിയ നയതന്ത്ര ചര്‍ച്ചകളാണ് സംയുക്ത പ്രസ്താവനയില്‍ ധാരണയിലെത്താന്‍ വഴിതെളിച്ചത്.

സാമ്പത്തിക-അംഗസംഖ്യാ വ്യാപനത്തിന് ശേഷം ബ്രിക്സ് കൈവരിച്ച വലിയ നയതന്ത്ര നേട്ടമായാണ് ഈ തീരുമാനത്തെ വിലയിരുത്തുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam