ന്യൂഡല്‍ഹി: ഇന്ത്യയുടെ അധ്യക്ഷതയില്‍ നടക്കുന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിക്ക് പ്രൗഢോജ്ജ്വലമായ തുടക്കം. ഉച്ചകോടിയിലേക്ക് ലോകനേതാക്കളെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യയുടെ അധ്യക്ഷത ജനകേന്ദ്രീകൃതവും മാനവികതയ്ക്ക് പ്രഥമ പരിഗണന നല്‍കുന്നതുമായ കാഴ്ചപ്പാടിലാണ് അധിഷ്ഠിതമായിരിക്കുന്നതെന്ന് വ്യക്തമാക്കി.
പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത എന്നീ പ്രധാന ആശയങ്ങളാണ് ഇത്തവണത്തെ ഉച്ചകോടിയുടെ പ്രധാന ചര്‍ച്ചാവിഷയങ്ങള്‍.
ബ്രിക്‌സ് രൂപവത്കരണത്തിന്റെ 20-ാം വാര്‍ഷിക വേളയിലാണ് ഈ ചരിത്രപരമായ ഉച്ചകോടിക്ക് തലസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ആഗോളതലത്തില്‍ സവിശേഷമായ സ്വത്വം കെട്ടിപ്പടുക്കാന്‍ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ടെന്നും, ആരോടും എതിര്‍പ്പില്ലാതെ എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകാനാണ് പ്രസ്ഥാനം ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അടുത്ത 20 വര്‍ഷത്തേക്കുള്ള പുതിയ ലക്ഷ്യങ്ങളിലേക്ക് കടക്കുമ്പോള്‍, തീരുമാനങ്ങളും പദ്ധതികളും കൃത്യമായി നടപ്പിലാക്കുന്നതിനായി ബ്രിക്‌സ് കണ്ടിന്യൂയിറ്റി ആന്‍ഡ് ഇംപ്ലിമെന്റേഷന്‍ മെക്കാനിസം രൂപവത്കരിക്കാനും പുരോഗതി രേഖപ്പെടുത്താന്‍ ഡിജിറ്റല്‍ സംവിധാനം ഒരുക്കാനും അദ്ദേഹം നിര്‍ദേശിച്ചു.
നിലവിലെ ആഗോള അധികാരഘടന ഒരു പിരമിഡ് പോലെയാണെന്നും തീരുമാനങ്ങളെടുക്കാനുള്ള അധികാരം മുകള്‍ത്തട്ടില്‍ മാത്രമായി കേന്ദ്രീകരിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. ആഗോള ഭരണസംവിധാനങ്ങളില്‍ അടിയന്തര പരിഷ്‌കരണങ്ങള്‍ ആവശ്യമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, എല്ലാവര്‍ക്കും തുല്യ പങ്കാളിത്തമുള്ള വേദിയാക്കി ഉച്ചകോടിയെ മാറ്റണമെന്നും ആഹ്വാനം ചെയ്തു.
അതേസമയം, ഉച്ചകോടിയില്‍ ഏറെ അനിശ്ചിതത്വം നിലനിന്നിരുന്ന സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുന്ന കാര്യത്തില്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ ധാരണയായതായാണ് പുറത്തുവരുന്ന വിവരം. പശ്ചിമേഷ്യന്‍ വിഷയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ രാജ്യങ്ങള്‍ തമ്മില്‍ നിലനിന്നിരുന്ന അഭിപ്രായ ഭിന്നത സംയുക്ത പ്രസ്താവനയ്ക്ക് തടസ്സമായിരുന്നു. എന്നാല്‍ ഇന്ത്യന്‍ നയതന്ത്ര സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ മാരത്തോണ്‍ ചര്‍ച്ചകളെത്തുടര്‍ന്ന് തര്‍ക്ക വിഷയങ്ങളില്‍ സമവായത്തിലെത്താന്‍ അംഗ രാജ്യങ്ങള്‍ക്കായി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
