യുപിഐ വാണിജ്യ ഇടപാടുകള്‍: 2000 രൂപയ്ക്ക് മുകളില്‍ ചാര്‍ജ് ഏര്‍പ്പെടുത്തിയേക്കും; പുതിയ വിജ്ഞാപനമിറക്കി ധനമന്ത്രാലയം

SEPTEMBER 14, 2026, 9:07 PM

ന്യൂഡല്‍ഹി: ഉയര്‍ന്ന തുകയുടെ യുപിഐ ഇടപാടുകള്‍ക്ക് വ്യാപാരികളില്‍ നിന്ന് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ഈടാക്കുന്നതിനുള്ള നടപടികളിലേക്ക് കടന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച് ധനമന്ത്രാലയം പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. 2000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്കും റുപേയ് ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പേയ്മെന്റുകള്‍ക്കും എംഡിആര്‍ ഉള്‍പ്പെടെയുള്ള ചാര്‍ജുകള്‍ ബാധകമാകില്ലെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.

2000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുന്നതിന്റെ ആദ്യപടിയായാണ് ഈ നടപടി കാണക്കാക്കപ്പെടുന്നത്. എന്നാല്‍ 2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് എംഡിആര്‍ ഈടാക്കുന്ന രീതി, നിരക്കുകള്‍, നല്‍കുന്ന ഇളവുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ വരാനിരിക്കുന്ന തുടര്‍ വിജ്ഞാപനങ്ങളില്‍ മാത്രമേ വ്യക്തത വരികയുള്ളൂ. കൂടാതെ 2,000 രൂപയ്ക്ക് മുകളിലുള്ള എല്ലാത്തരം വാണിജ്യ ഇടപാടുകള്‍ക്കും ചാര്‍ജ് ബാധകമാകുമോ എന്ന കാര്യത്തിലും നിലവില്‍ വ്യക്തത കൈവന്നിട്ടില്ല.

അതേസമയം സാധാരണക്കാര്‍ തമ്മില്‍ നടത്തുന്ന വ്യക്തിഗത പണമിടപാടുകള്‍ക്ക് യാതൊരുവിധ ചാര്‍ജും ഉണ്ടാകില്ല. വ്യക്തികള്‍ വ്യാപാരികള്‍ക്കോ ബിസിനസ് സ്ഥാപനങ്ങള്‍ക്കോ നല്‍കുന്ന പണമിടപാടുകളായ പേഴ്‌സണ്‍ ടു മെര്‍ച്ചന്റ് ഇടപാടുകളെ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. 2019 അവസാനത്തോടെ ഓരോ പി2എം ഇടപാടിനും 0.3 ശതമാനം വരെയായിരുന്നു എംഡിആര്‍ ആയി നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ഡിജിറ്റല്‍ പേയ്മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 2020 ജനുവരി മുതല്‍ യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍ പൂര്‍ണ്ണമായി ഒഴിവാക്കുകയായിരുന്നു. എംഡിആര്‍ പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഒരു മാസം മുന്‍പ് പേയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് നിയമത്തില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയിരുന്നു.

മുന്‍പ് എല്ലാ യുപിഐ ഇടപാടുകള്‍ക്കും പരിധിയില്ലാതെ ചാര്‍ജ് ഇളവ് നല്‍കിയിരുന്ന സ്ഥാനത്ത് പുതിയ വിജ്ഞാപനത്തോടെ 2,000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് മാത്രമായി സീറോ-ചാര്‍ജ് പരിരക്ഷ പരിമിതപ്പെടുകയാണ്. ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ വ്യാപാരികളില്‍ നിന്ന് ബാങ്കുകളോ പേയ്‌മെന്റ് സേവനദാതാക്കളോ ഈടാക്കുന്ന സേവന ഫീസാണ് മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്. എംഡിആര്‍ നടപ്പിലാകുന്നതോടെ ഇതിന്റെ നിശ്ചിത വിഹിതം ഇടപാടില്‍ പങ്കാളികളാകുന്ന ബാങ്കുകള്‍ക്കും പേയ്‌മെന്റ് ആപ്പുകള്‍ക്കും ലഭിക്കും. വ്യാപാരികള്‍ ഈ അധിക സാമ്പത്തിക ബാധ്യത ഉപയോക്താക്കളുടെ മേല്‍ ചുമത്തിയാല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ചെലവേറാന്‍ സാധ്യതയുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam