മലപ്പുറം: സുന്നി ഐക്യത്തിന് പുതിയ സാധ്യതകൾ തുറന്ന് മലപ്പുറം പടിക്കൽ ജുമാ മസ്ജിദിന്റെ ഉദ്ഘാടനച്ചടങ്ങ്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, ജിഫ്രി മുത്തുക്കോയ തങ്ങൾ, ഖലീൽ ബുഖാരി തങ്ങൾ എന്നിവർ ഒരേവേദിയിലെത്തിയത് ശ്രദ്ധേയമായി.
പരസ്പര ഭിന്നതകളും വിഭാഗീയതകളും മാറ്റിവെച്ച് ഐക്യത്തോടെ മുന്നോട്ടുപോകേണ്ട സമയമാണിതെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഒരേ ലക്ഷ്യത്തിലേക്കും ഒരേ മാർഗത്തിലുമാണ് എല്ലാവരും മുന്നേറുന്നതെന്ന തിരിച്ചറിവ് ഉണ്ടാകണം. ബഹുസ്വര സമൂഹത്തിൽ മുസ്‌ലിം സമൂഹത്തിന്റെ ഐക്യം ഏറെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
മലപ്പുറത്തെ ചടങ്ങിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ നിലപാടുകളെ ജിഫ്രി മുത്തുക്കോയ തങ്ങൾ പരസ്യമായി പിന്തുണയ്ക്കുകയും ചെയ്തു. സ്ത്രീകൾ വീട്ടിൽ മാത്രം ഒതുങ്ങിക്കഴിയണമെന്നോ അവരെ എല്ലാ മേഖലകളിൽനിന്നും മാറ്റിനിർത്തണമെന്നോ കാന്തപുരം പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സ്ത്രീകളുടെ സുരക്ഷയും മാന്യതയും പരിഗണിച്ചാണ് ഇസ്‌ലാമിക നിയമങ്ങൾ അവതരിപ്പിച്ചിട്ടുള്ളതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
സുന്നി ഐക്യവുമായി ബന്ധപ്പെട്ട് സാദിഖലി ശിഹാബ് തങ്ങൾ സ്വീകരിക്കുന്ന സമീപനം ശരിയായതാണെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും പ്രതികരിച്ചു. പരസ്പരം തർക്കിച്ച് സമയം പാഴാക്കുന്നതിന് പകരം നിർമാണാത്മകമായ സമീപനമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
സാദിഖലി തങ്ങളുടെ കേരള പര്യടനത്തിലൂടെയും ഐക്യത്തിന്റെ സന്ദേശമാണ് മുന്നോട്ടുവെച്ചതെന്ന് ഇ.ടി. മുഹമ്മദ് ബഷീർ ചൂണ്ടിക്കാട്ടി. ആശയങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. എന്നാൽ ഏത് കാലത്തും ഐക്യമാണ് ലക്ഷ്യമാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
