ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിര്‍ബന്ധിത ഇമിഗ്രേഷന്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കാതെ മൂന്ന് ഇറ്റാലിയന്‍ പൗരന്മാര്‍ വിദേശത്തേക്ക് കടന്ന സംഭവത്തില്‍ എയര്‍ ഇന്ത്യയ്ക്ക് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ കാരണം കാണിക്കല്‍ നോട്ടിസ്. സുരക്ഷാ മാനദണ്ഡങ്ങളിലും നടപടിക്രമങ്ങളിലും വരുത്തിയ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് മന്ത്രാലയം നോട്ടിസ് അയച്ചത്.
സെപ്റ്റംബര്‍ നാലിന് പുലര്‍ച്ചെയാണ് രാജ്യത്തെ സുരക്ഷാ സംവിധാനങ്ങളെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള സംഭവം നടന്നത്. അമൃത്സറില്‍ നിന്ന് എയര്‍ ഇന്ത്യയുടെ എഐ-1115 വിമാനത്തില്‍ പുലര്‍ച്ചെ 12.50 ഓടെ ഡല്‍ഹിയിലെത്തിയ യാത്രക്കാരാണ് ഇമിഗ്രേഷന്‍ പോയിന്റ് കടക്കാതെ ജര്‍മ്മനിയിലെ മ്യൂണിക്കിലേക്ക് പോയ ലുഫ്താന്‍സയുടെ എല്‍എഫ്-0763 വിമാനത്തില്‍ യാത്ര ചെയ്തത്. അമൃത്സറില്‍ വച്ച് തന്നെ ഇവര്‍ക്ക് മ്യൂണിക്കിലേക്കുള്ള കണക്റ്റിങ് വിമാനത്തിന്റെ ബോര്‍ഡിങ് പാസുകള്‍ നല്‍കിയിരുന്നു.
ചെറിയ വിമാനത്താവളങ്ങളില്‍ നിന്ന് പ്രധാന വിമാനത്താവളങ്ങളിലേക്ക് യാത്രക്കാരെ എത്തിച്ച് തുടര്‍യാത്ര സുഗമമാക്കുന്ന എയര്‍ ഇന്ത്യയുടെ ഹബ് ആന്‍ഡ് സ്‌പോക് സംവിധാനത്തിലൂടെയാണ് ഇവര്‍ എത്തിയത്. നിയമപ്രകാരം ആഭ്യന്തര യാത്രക്കാര്‍ക്ക് ഡി (ഡൊമസ്റ്റിക്) ബോര്‍ഡിങ് പാസും അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഐ ബോര്‍ഡിങ് പാസുമാണ് നല്‍കേണ്ടത്. ഡല്‍ഹിയില്‍ ഇറങ്ങിയ ശേഷം ഡൊമസ്റ്റിക് പാസുള്ള യാത്രക്കാരെ ഇമിഗ്രേഷന്‍ പരിശോധനാ കേന്ദ്രത്തിലേക്ക് വഴിതിരിച്ചുവിടേണ്ടതിന് പകരം നേരിട്ട് അന്താരാഷ്ട്ര ടെര്‍മിനലിലെ 39-ാം നമ്പര്‍ ഗേറ്റിലേക്ക് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ പരിശോധനയൊന്നും കൂടാതെ തന്നെ ഇവര്‍ വിമാനത്തില്‍ കയറി രാജ്യം വിടുകയും ചെയ്തു.
അമൃത്സറില്‍ വച്ച് ഇവര്‍ക്ക് മ്യൂണിക്കിലേക്കുള്ള ബോര്‍ഡിങ് പാസ് നല്‍കിയത് എന്തിനാണെന്നും, ഇമിഗ്രേഷന്‍ പരിശോധന നടക്കാത്ത യാത്രക്കാര്‍ എങ്ങനെ ബോര്‍ഡിങ് ഗേറ്റില്‍ എത്തി എന്നതിലും കേന്ദ്ര മന്ത്രാലയം ശക്തമായ അമര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്. ഡാറ്റ പരിശോധിച്ചപ്പോഴാണ് ഈ സുരക്ഷാ വീഴ്ച വ്യക്തമായത്. സംഭവത്തെ തുടര്‍ന്ന് സിവില്‍ വ്യോമയാന മന്ത്രാലയം വിഷയം ഗൗരവത്തോടെ കാണുകയും എയര്‍ ഇന്ത്യയുടെ മറുപടി ലഭിച്ച ശേഷം കര്‍ശന നടപടികളിലേക്ക് കടക്കുമെന്നും അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
