യുകെ സന്ദർശനത്തിനിടെ ഏകദേശം 12,300 കോടി രൂപയുടെ നാലും പ്രധാന നിക്ഷേപ കരാറുകളിൽ ഒപ്പുവെച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. സംസ്ഥാനത്ത് ഏകദേശം 9,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണ് ഈ വൻകിട കരാറുകൾ യാഥാർത്ഥ്യമാക്കിയത്. പ്രമുഖ വാഹനാ നിർമ്മാതാക്കളായ സംവർദ്ധന മാതൃസൺ ഇന്റർനാഷണലുമായി (Samvardhana Motherson International) ഒപ്പുവെച്ച 11,000 കോടി രൂപയുടെ പദ്ധതിയാണ് ഇതിൽ പ്രധാനം.
ഡിസൈൻ, എഞ്ചിനീയറിംഗ്, മാനുഫാക്ചറിംഗ്, ലോജിസ്റ്റിക്സ് മേഖലകളിലായി 7,000 ഓളം പേർക്ക് ഈ പദ്ധതിയിലൂടെ ജോലി ലഭിക്കും. ചെന്നൈയിൽ പുതുതായി നിർമ്മിക്കുന്ന ജി.സി.സി കൊറിഡോറിൽ 'ഗ്ലോബൽ കാപ്പബിലിറ്റി സെന്റർ' (GCC) സ്ഥാപിക്കുന്നതിനായി പ്രമുഖ ബ്രിട്ടീഷ് കമ്പനിയുമായി 1,000 കോടി രൂപയുടെ ധാരണാപത്രത്തിൽ മുഖ്യമന്ത്രി ഒപ്പുവെച്ചു.
ഏണസ്റ്റ് & യംഗ് (Ernst & Young) വഴി യാഥാർത്ഥ്യമാകുന്ന ഈ പദ്ധതിയിലൂടെ 2,000 ഉയർന്ന തസ്തികകളിൽ ജോലി ലഭ്യമാകും. സ്വീഡൻ ആസ്ഥാനമായ സിഗ്മ ടെക്നോളജി ഗ്രൂപ്പ് ചെന്നൈയിലെയും തിരുച്ചിറപ്പള്ളിയിലെയും ജി.സി.സി സെന്ററുകൾ വികസിപ്പിക്കുന്നതിലൂടെ 600 തൊഴിലവസരങ്ങളും, വിൽസൺ പവർ സൊല്യൂഷൻസ് തിരുവള്ളൂരിൽ നടത്തുന്ന 300 കോടിയുടെ നിക്ഷേപത്തിലൂടെ 400 തൊഴിലവസരങ്ങളും ഉണ്ടാകുമെന്നും റിപ്പോർട്ടിലുണ്ട്.
യൂറോപ്യൻ കമ്പനികളിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിജയ് യുകെ സന്ദർശനം നടത്തിയത്. അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ്, ഓട്ടോമൊബൈൽ, ഇലക്ട്രിക് വാഹനങ്ങൾ, ഇലക്ട്രോണിക്സ് മേഖലകളിലാണ് സംസ്ഥാന സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
തമിഴ്‌നാടിനെ ഏഷ്യയിലെ തന്നെ പ്രമുഖ നിക്ഷേപ കേന്ദ്രമാക്കി മാറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനുപുറമേ, തമിഴ്‌നാട്ടിൽ അന്താരാഷ്ട്ര നിലവാരമുള്ള മോട്ടോർ സ്പോർട്സ് സിറ്റി വികസിപ്പിക്കുന്നതിന്റെ ഭാഗമായി സിൽവർസ്റ്റോൺ റേസിംഗ് സർക്യൂട്ടും വിജയ് സന്ദർശിച്ചിരുന്നു. അതേസമയം, മുഖ്യമന്ത്രിയുടെ യുകെ യാത്രയുടെ വിവരങ്ങളും കൂടിക്കാഴ്ചകളും പരസ്യപ്പെടുത്താത്തതിനെതിരെ പ്രതിപക്ഷം രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ മറ്റ് സംസ്ഥാനങ്ങളുമായുള്ള ശക്തമായ മത്സര അന്തരീക്ഷം നിലനിൽക്കുന്നതിനാലാണ് യാത്രയുടെ വിശദാംശങ്ങൾ മുൻകൂട്ടി പുറത്തുവിടാതിരുന്നതെന്നും, ധാരണാപത്രങ്ങളിൽ ഒപ്പുവെക്കുന്ന മുറയ്ക്ക് വിവരങ്ങൾ പുറത്തുവിടുമെന്നും ടി.വി.കെ വക്താവ് പി. സത്യകുമാർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
