ശ്രീനഗർ: കശ്മീരിൽ നിയന്ത്രണ രേഖയിൽ വീണ്ടും വെടിയുതിർത്തു പാക്ക് സൈന്യം. തുടർച്ചയായി നാലാം ദിവസമാണ് യാതൊരു പ്രകോപനവുമില്ലാതെ പാക്കിസ്ഥാൻ സൈന്യം വെടിയുതിർക്കുന്നത്.
പൂഞ്ച് സെക്ടറിൽ പാക്കിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിക്കുന്നത് ഇതാദ്യമാണ്. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതായി അധികൃതർ അറിയിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നിൽ പാക്ക് ഭീകരസംഘടനയായ ലഷ്കറെ തെയ്ബയുടെ പിന്തുണ സ്ഥിരീകരിച്ചതോടെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിരുന്നു.
ആക്രമണത്തിനു മറുപടിയായി കടുത്ത നടപടികളാണ് ഇന്ത്യ പാക്കിസ്ഥാനെതിരെ സ്വീകരിച്ചത്. സിന്ധു നദീജല കരാർ റദ്ദാക്കുകയും പാക്ക് പൗരന്മാരോട് ഇന്ത്യ വിടാൻ ആവശ്യപ്പെടുകയും ചെയ്തു.
കശ്മീരിലെ ഭീകരവിരുദ്ധ നടപടിയുടെ ഭാഗമായി നാൽപ്പത്തിയെട്ട് മണിക്കൂറിനിടയിൽ ആറ് ഭീകരവാദികളുടെ വീടുകളാണ് സുരക്ഷാ സേന തകർത്തത്. ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കു നേരെ നടപടി തുടരുമെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങൾ ലഷ്‌കർ ഇ ത്വയ്ബ ഭീകരരായ ആസിഫ് അഹമ്മദ് ഷെയ്ഖ്, ആദിൽ അഹമ്മദ് തോക്കർ, ഷാഹിദ് അഹമ്മദ് കട്ടെയ് എന്നിവരുടെ വീടുകൾ സുരക്ഷാ സേന തകർത്തിരുന്നു. പുൽവാമയിലെ കച്ചിപോരാ, മുറാൻ മേഖലയിലായിരുന്നു വീടുകൾ.
പഹൽഗാം ഭീകരാക്രമണത്തിൽ നേരിട്ട് ബന്ധമുള്ള മൂന്ന് പേരിൽ ഒരാളാണ് ആദിൽ തോക്കർ എന്നാണ് കരുതുന്നത്. ആസിഫ് അഹമ്മദ് ഷെയ്ഖിനും ആക്രമണത്തിൽ പങ്കുണ്ടെന്നാണ് കണ്ടെത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്