നേപ്പാള്‍ മിന്നല്‍ പ്രളയം: മരണസംഖ്യ 500 കടന്നു; എട്ട് മലയാളികളെ കാണാനില്ല, സഹായവുമായി ഇന്ത്യ

AUGUST 28, 2026, 7:50 AM

ന്യൂഡല്‍ഹി: നേപ്പാളിലുണ്ടായ മിന്നല്‍പ്രളയത്തില്‍ മരണസംഖ്യ 500 പിന്നിട്ടു. ആയിരത്തോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് നേപ്പാള്‍ അധികൃതരില്‍ നിന്ന് ലഭിക്കുന്ന ഔദ്യോഗിക വിവരങ്ങള്‍ വ്യക്തമാക്കുന്നത്. പ്രളയബാധിത പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന 320 ഇന്ത്യക്കാരെ കുറിച്ച് നിലവില്‍ യാതൊരു വിവരവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി. കൂടാതെ കൈലാസ മാനസരോവര്‍ യാത്രയ്ക്ക് പോയവരുള്‍പ്പെടെ മറ്റു രാജ്യങ്ങളില്‍ പൗരത്വമുള്ള നൂറോളം ഇന്ത്യന്‍ വംശജരുമായും ഇതുവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു.

ദുരന്തത്തില്‍ നാല് ഓസ്ട്രേലിയന്‍ മലയാളികള്‍ അടക്കം എട്ട് കേരളീയരെ കാണാതായിട്ടുണ്ടെന്ന് നോര്‍ക്ക വ്യക്തമാക്കി. ഇവരുടെ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. നേപ്പാളില്‍ കുടുങ്ങിയതായി സംശയിക്കുന്ന 82 പേരുടെ വിവരങ്ങളാണ് നോര്‍ക്കയ്ക്ക് ലഭിച്ചിരുന്നത്. ഇതില്‍ അന്വേഷണം നടത്തുകയും മലയാളികളായ 60 പേര്‍ സുരക്ഷിതരാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 14 പേരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.

ദുരന്തമുഖത്ത് നിന്ന് പ്രത്യാശ നല്‍കുന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ത്രിശൂലി വണ്‍ ജലവൈദ്യുത പദ്ധതി പ്രദേശത്ത് ജോലി ചെയ്തിരുന്ന 63 ഇന്ത്യന്‍ പൗരന്മാരെ വിജയകരമായി രക്ഷപ്പെടുത്തി. ഇതിനുപുറമെ മിന്നല്‍ പ്രളയം ബാധിച്ച ചൈനീസ് അതിര്‍ത്തി ഭാഗത്തുള്ള 400 ഇന്ത്യന്‍ പൗരന്മാര്‍ സുരക്ഷിതരാണെന്നും അവര്‍ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

ദുരന്തം നടന്ന ദിവസം തന്നെ ഇന്ത്യ നേപ്പാളിലേക്ക് വന്‍തോതിലുള്ള മാനുഷിക സഹായങ്ങള്‍ എത്തിക്കാന്‍ ആരംഭിച്ചു. ഓഗസ്റ്റ് 26 ന് ആദ്യ വിമാനത്തില്‍ താല്‍ക്കാലിക ഷെല്‍ട്ടറുകളും മരുന്നുകളും ഉള്‍പ്പെടെ 10 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ അയച്ചു. തുടര്‍ന്ന് ടെന്റുകള്‍, കമ്പിളികള്‍, ഡീവാട്ടറിംഗ് പമ്പുകള്‍, ജനറേറ്ററുകള്‍, ഭക്ഷണസാധനങ്ങള്‍ എന്നിവ അടങ്ങിയ 37.5 ടണ്‍ വസ്തുക്കളുമായി രണ്ടാമത്തെ പ്രത്യേക വിമാനവും നേപ്പാളിലെത്തി. ജനറേറ്ററുകളും കുടിവെള്ള ശുദ്ധീകരണ ഗുളികകളും അടങ്ങുന്ന 13 ടണ്‍ സാമഗ്രികളുമായി മൂന്നാമത്തെ വിമാനവും ഉടന്‍ പുറപ്പെടുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam