ഇംഫാല്‍: വംശീയ കലാപത്തില്‍ പുകയുന്ന മണിപ്പൂരില്‍ ആരാകും മുഖ്യമന്ത്രി എന്നതില്‍ ഡല്‍ഹിയില്‍ ചര്‍ച്ച. കുക്കി - മെയ്‌തേയി വിഭാഗം അംഗീകരിക്കുന്ന നേതാവിനെ കണ്ടെത്തുകയെന്നതാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന് വെല്ലുവിളിയാകുന്നത്. രാജിവെച്ച മുഖ്യമന്ത്രി ബിരേന്‍ സിങിനെ അനുനയിപ്പിച്ച് വേണം പുതിയ നേതാവിനെ കണ്ടെത്താന്‍.
ബുധനാഴ്ച ഡല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ മുഖ്യമന്ത്രി ആരെന്ന് തീരുമാനമാകുമെന്നാണ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന വിവരം. ബിരേന്‍ സിങിനെ പിന്തുണയ്ക്കുന്ന മെയ്‌തേയി സംഘടനയുടെ ഇടപെടല്‍ ഒഴിവാക്കാനാണ് യോഗം ഇംഫാലില്‍ നിന്നും മാറ്റിയത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള സംബിത് പത്ര എം.പി.യുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ഇംഫാലില്‍ പാര്‍ട്ടി നേതാക്കളുടെ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് പുതിയ നേതാവിനെ തിരഞ്ഞെടുക്കല്‍ ഡല്‍ഹിയിലേക്ക് മാറ്റിയത്.
മന്ത്രിമാര്‍, എം.എല്‍.എ.മാര്‍, ബിജെപിയുടെയും സഖ്യകക്ഷികളുടെയും നേതാക്കള്‍ എന്നിവരുമായി സംബിത് പത്ര കൂടിക്കാഴ്ച നടത്തി. കുക്കി വിഭാഗത്തില്‍ നിന്നുള്ള ഏഴ് എംഎല്‍എമാരും യോഗത്തില്‍ പങ്കെടുക്കും. 2023 മെയില്‍ സംഘര്‍ഷം തുടങ്ങിയ ശേഷം ഇതുവരെ കുക്കി എംഎല്‍എമാര്‍ ബിജെപി യോഗത്തില്‍ പങ്കെടുത്തിട്ടില്ല.
അതേസമയം, ബിരേന്‍ സിങ്ങിന്റെ രാജിയെത്തുടര്‍ന്ന്, അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടാതിരിക്കാന്‍ ഇംഫാലിലുടനീളം പോലീസിനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി തങ്ങള്‍ എന്‍.ഡി.എയ്ക്ക് ഒപ്പമാണെന്നും ബിരേന്‍ സിങിനെതിരാണെന്നും അറിയിച്ചിരുന്നു.
മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ സാധ്യത കല്പിക്കുന്നത് മുതിര്‍ന്ന മന്ത്രി യുംനാം ഖേംചന്ദ് സിങിനും സ്പീക്കര്‍ സത്യബ്രതയ്ക്കുമാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ കുക്കി എം.എല്‍.എമാരുടെ നിലപാട് നിര്‍ണായകമാകും. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണംവേണമെന്ന് കുക്കി- സൊ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്