കോഹിമ: നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ പെയ്ത അതിശക്തമായ മഴയെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും മിന്നല്‍പ്രളയത്തിലും നാല് പേര്‍ മരിച്ചു. മോണ്‍ ജില്ലാ ആസ്ഥാനമായ മോണ്‍ ടൗണിലും പരിസരപ്രദേശങ്ങളിലുമാണ് പ്രകൃതിക്ഷോഭം കനത്ത നാശം വിതച്ചത്. ദുരന്തത്തില്‍ നിരവധി വീടുകള്‍ തകരുകയും റോഡ് ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രദേശത്ത് നിലവില്‍ വലിയ തോതിലുള്ള തിരച്ചിലും രക്ഷാപ്രവര്‍ത്തനവും പുരോഗമിക്കുകയാണ്.
മണ്ണിനടിയില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് മോണ്‍ ഡെപ്യൂട്ടി കമ്മീഷണര്‍ വെന്യീ കൊന്യാക് മാധ്യമങ്ങളെ അറിയിച്ചു. കുട്ടികളടക്കം എട്ട് പേരെ നിലവില്‍ കാണാതായിട്ടുണ്ടെന്നാണ് ഔദ്യോഗിക വിവരം. കനത്ത മണ്‍കൂനകള്‍ക്കിടയില്‍ ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
സംസ്ഥാന ദുരന്ത നിവാരണ സേന, നാഗാലാന്‍ഡ് സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി, പോലീസ്, അസം റൈഫിള്‍സ് എന്നിവര്‍ പ്രാദേശിക കൂട്ടായ്മകളുമായി ചേര്‍ന്ന് പ്രദേശത്ത് യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. എന്നാല്‍ പ്രദേശത്ത് നിര്‍ത്താതെ പെയ്യുന്ന മഴയും ദുര്‍ഘടമായ മലയോര ഭൂപ്രകൃതിയും രക്ഷാദൗത്യത്തിന് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്.
കൂടുതല്‍ അപകട സാധ്യതയുള്ള മേഖലകളില്‍ നിന്ന് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
