ന്യൂഡൽഹി: രാജ്യത്തെ ഇടത്തരം, സാധാരണ കുടുംബങ്ങളുടെ അടുക്കള ചെലവ് വരും മാസങ്ങളിൽ കൂടുതൽ ഉയരാനിടയുണ്ടെന്ന് റിപ്പോർട്ട്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം രൂക്ഷമാകുമെന്നാണ് പ്രമുഖ റേറ്റിംഗ് ഏജൻസിയായ CRISIL മുന്നറിയിപ്പ് നൽകുന്നത്.
റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മേയ് മാസത്തിൽ സസ്യാഹാര ഭക്ഷണത്തിനുള്ള ചെലവ് അഞ്ച് ശതമാനവും മാംസാഹാര ഭക്ഷണത്തിനുള്ള ചെലവ് ഏഴ് ശതമാനവും വർധിച്ചിട്ടുണ്ട്. പച്ചക്കറികൾ, മത്സ്യം, ഇറച്ചി എന്നിവയുടെ വില ഉയരുന്നതിനൊപ്പം പാചകവാതക നിരക്കിലുണ്ടാകുന്ന വർധനയും കുടുംബ ബജറ്റിന് അധികഭാരമാകുമെന്നാണ് വിലയിരുത്തൽ.
പച്ചക്കറി വിഭാഗത്തിൽ ഏറ്റവും വലിയ വിലക്കയറ്റം രേഖപ്പെടുത്തിയത് തക്കാളിക്കാണ്. കഴിഞ്ഞ വർഷം മേയിൽ കിലോയ്ക്ക് 23 രൂപയായിരുന്നു വിലയെങ്കിൽ, ഇത്തവണ അത് 57 ശതമാനം ഉയർന്ന് 36 രൂപയിലെത്തി. ഉൽപാദനത്തിലെ കുറവാണ് വിലക്കയറ്റത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം, ബ്രോയിലർ കോഴിയുടെ വിലയും ഉയരുന്നുണ്ട്. കടുത്ത വേനലിനെ തുടർന്ന് കോഴികൾക്ക് രോഗബാധ ഉണ്ടായതും വൻതോതിൽ ചത്തൊടുങ്ങിയതും വിപണിയിലെ ലഭ്യത കുറച്ചു. കൂടാതെ കോഴിത്തീറ്റ ഉൾപ്പെടെയുള്ള ഉൽപാദനച്ചെലവുകൾ വർധിച്ചതും ഇറച്ചിവില ഉയരാൻ കാരണമായിട്ടുണ്ട്.
ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വിലക്കയറ്റം തുടർന്നാൽ വരും മാസങ്ങളിൽ കുടുംബങ്ങളുടെ പ്രതിമാസ ചെലവിൽ ഗണ്യമായ വർധനവ് ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
