മണിപ്പുരിൽ ഇക്കണ്ട കലാപത്തിനൊക്കെ കാരണക്കാരനായ അസുരവിത്ത് എന്നു കുക്കിസോമാർ ഗോത്രവിഭാഗങ്ങൾ കൂകിവിളിക്കുന്ന എൻ. ബിരേൻ സിങ് ഒടുവിൽ പൊറുതിമുട്ടി മുഖ്യാസനത്തിൽ നിന്നും മുട്ടുമടക്കി മൂലയിലേക്കൊതുങ്ങിയിരിക്കുന്നു.
1961ൽ മണിപ്പൂരിലെ ഇംഫാലിൽഭൂജാതനായി. പന്തുകളിയിൽ തുടങ്ങി പത്രപ്രവർത്തനം വഴി 2002ൽ രാഷ്ട്രീയത്തിലിറങ്ങിയവനാണ ടീയാൻ. ഹറോൾഗി തൗഡാങ് എന്ന മണിപ്പൂരി പത്രത്തിന്റെ പത്രാധിപരായിരിക്കെ ഒരു വിവാദ പ്രസംഗം വള്ളിപുള്ളി വിടാതെ അച്ചടിച്ച് പുലിവാല് പിടിച്ച് അഴിക്കുള്ളിലായി.
അപ്പോഴാണ് ഒരു ഉൾവിളി ഉണ്ടായത്. എങ്ങിനേയും രാഷ്ട്രീയത്തിലിറങ്ങുക. ഇതിനൊക്കെ നൈസായി പകരം വീട്ടുക. ആദ്യം ഡെമോക്രാറ്റിക് റെവല്യൂഷണറി പീപ്പിൾസ് പാർട്ടിയിൽ കടന്നുകൂടുകയും ഹെയ്ൻഗാങ്ങിൽ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുകയും ചെയ്തു. ഇന്ത്യൻ രാഷ്ടീയത്തിൽ ശ്രദ്ധ നേടണമെങ്കിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ തന്നെ ചേരണമെന്നു ഒറ്റ വർഷത്തിനുള്ളിൽ തോന്നി. അപ്പോൾ പിന്നെ ഒന്നും നോക്കാതെ കോൺഗ്രസിലേക്ക് ചാടുക.
2016 വരെ കോൺഗ്രസിൽ നിന്നും കിട്ടാവുന്നതും അതിലപ്പുറവും ഊറ്റിയെടുത്ത ശേഷം ഇനി നിലനിൽപ്പ് ഭാരതീയ ജനതാ പാർട്ടിയിലാണെന്നു കണ്ട് അങ്ങോട്ടു ചാടി. ഒറ്റവർഷം കൊണ്ട് അവിടെ ബി.ജെ.പി സർക്കാരുണ്ടാക്കി മുഖ്യമന്ത്രിക്കസേര കൈക്കലാക്കി. മണിപ്പൂരിൽ മെയ്ത്കളും കുക്കികളും തമ്മിലടി തുടങ്ങിയ ഘട്ടത്തിൽ തന്നെ ബിരേൻ സിങ് എന്ന മുഖ്യന്റെ വിഭാഗീയ നിലപാടിലെ ശരികേടിനെക്കുറിച്ച് പലരും പലവട്ടം മുറുമുറുത്തു.
എന്നാലത് ഇത്രകടുക്കുമെന്ന് കരുതിയില്ല. ഒടുവിൽ ബി.ജെ.പി എം.എൽ.എമാർ തന്നെ കാലുവാരുമെന്ന ഘട്ടത്തിലാണ് മനമില്ലാമനസോടെ കസേരവിടാനൊരുങ്ങിയത്. എന്തായാലും ബിരേൻ സിങ് മാറിയതോടെ മണിപ്പുരിൽ കേന്ദ്രം ശക്തമായി പിടി മുറുക്കിയിരിക്കുകയാണ്. പൊലീസിന്റെയും കേന്ദ്രസേനയുടെയും ചുമതല തഞ്ചത്തിൽ റാഞ്ചിയെടുത്ത് കുൽജീപ് സിങ്ങ് എന്നൊരു വിദ്വാന് കൈമാറിയിരിക്കുന്നു.
സംസ്ഥാനം വിഭജിക്കാനുള്ള ഏത് ശ്രമവും മെയ്‌തെയ്കൾ തടയും. ബിരേൻ സങിനെ അനുകൂലിക്കുന്ന തീവ്ര മെയ്‌തെയ് സഘടനയായ ആരംഭായ് തെംഗോൽ കലാപവുമായി രംഗത്തിറങ്ങിയാൽ മണിപ്പുർ വീണ്ടും ആളിക്കത്തും. ഇത് ഒഴിവാക്കുന്നതിനായി
ആയിരക്കണക്കിനു കേന്ദ്ര സേനയെയാണ് ഇംഫാൽ താഴ്‌വരയിൽ വിന്യസിച്ചിട്ടുള്ളത്. ഇനിയവിടെ എന്തു സംഭവിക്കുമെന്നു കാത്തിരുന്നു കാണുക തന്നെ..!
ജോഷി ജോർജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്