ഭീതിജനകമായ ഇന്ത്യയെക്കുറിച്ച് നമ്മുടെ അച്ചടി ദൃശ്യ മാധ്യമങ്ങൾ പറയാൻ പേടിക്കുന്ന കാര്യങ്ങൾ ദി ഗാർഡിയൻ ദിനപത്രം എഡിറ്റോറിയലിലൂടെ പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക
തികച്ചും വിചിത്രമായ കാര്യങ്ങളാണ് ഇപ്പോൾ ഇന്ത്യയിൽ നടക്കുന്നത്. അല്ലെങ്കിൽ പിന്നെ ഉറ്റ ചങ്ങാതികളായ കോർപ്പറേറ്റ് മുതലാളിമാരായ അദാനിയെയും അംബാനിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇപ്പോൾ തള്ളിപ്പറയേണ്ടി വന്നിരിക്കുന്നു. പത്ത് വർഷം നീണ്ട മോദി ഭരണകൂടത്തിന്റെ സാമ്പത്തിക അംബാസിഡർമാർ എന്നു വിശേഷിപ്പിക്കാവുന്ന രണ്ട് പേരെയും തള്ളിപ്പറയുക എന്നതിൽ പരം എന്ത് തോൽവിയാണ് മോദിക്ക് സംഭവിക്കാനുള്ളത്.
പ്രതിപക്ഷമായ ഇന്ത്യ
സഖ്യത്തിന്റെ ഏറ്റവും വലിയ രാഷ്ട്രീയ വിജയമായി ഇതിനെ കണക്കാക്കാം. എന്നാൽ
രാജ്യത്തെ മാധ്യമങ്ങളൊന്നും ഈ വിഷയം വേണ്ട വിധം കൈകാര്യം ചെയ്യുന്നുണ്ടോ?
ഭീതിജനകമായ ഇത്തരം കാര്യങ്ങൾ.
ഇന്ത്യൻ അച്ചടി ദൃശ്യ മാധ്യമങ്ങൾക്ക്
ഇനിയും മനസിലായിട്ടില്ലെങ്കിലും വിദേശമാധ്യമങ്ങൾ ഇന്ത്യയുടെ
അവസ്ഥയെക്കുറിച്ച് നന്നായി മനസിലാക്കുന്നുണ്ട്. ഇതാ ഇക്കഴിഞ്ഞ ലോക്‌സഭ
തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്നതിന്റെ തലേ
ദിവസം അന്താരാഷ്ട്ര പ്രസിദ്ധിയാർജിച്ച 'ദി ഗാർഡിയൻ' ദിനപത്രം പ്രധാനമന്ത്രി
നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും അതി രൂക്ഷമായി വിമർശിച്ചെഴുതിയിരുന്നു.
തെരഞ്ഞെടുപ്പു സമയത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത്, ഇലക്ടറൽ ബോണ്ട് വഴി ബി.ജെ.പിക്ക് ലഭിച്ച പണം, തുടങ്ങിയവ എടുത്തുപറഞ്ഞാണ് ഗാർഡിയൻ പത്രം എഡിറ്റോറിയൽ തന്നെ എഴുതിയിരിക്കുന്നത്. തൊഴിലില്ലായ്മ, പണപ്പെരുപ്പം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മോദി പരാജയപ്പെട്ടെന്ന് വിമർശിക്കുന്ന എഡിറ്റോറിയൽ, അദ്ദേഹത്തിന് വീണ്ടുമൊരു അവസരം നൽകുന്നതിനെക്കുറിച്ച് ജനങ്ങൾ നന്നായി ആലോചിക്കണമെന്ന് മുന്നറിയിപ്പ് നൽകാനും മറന്നില്ല.
ഇന്ത്യയിലെ സമകാലിക വിഷയങ്ങൾ കൃത്യമായി നിരീക്ഷിച്ചാണ് ദി ഗാർഡിയൻ എഡിറ്റോറിയൽ എഴുതിയിരിക്കുന്നത്. തിരഞ്ഞെടുപ്പിനെ നേരിടാൻ മോദിക്ക് ഭയമുണ്ടെന്നും അതിനാലാണ് പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യുന്നതെന്നും ഇന്ത്യയുടെ സാമ്പത്തിക അസന്തുലിതാവസ്ഥ കൊളോണിയൽ കാലത്തേതിലും വർധിച്ച അവസ്ഥയിലാണെന്നും ഗാർഡിയൻ നിരീക്ഷിക്കുന്നു. തന്റെ വീഴ്ചകൾ മറച്ചുവെക്കാനായി ഹിന്ദു വർഗീയത ആളിക്കത്തിച്ചാണ് മോദി അധികാരത്തിൽ തുടരുന്നതെന്നും ഗാർഡിയൻ കണ്ടെത്തിയിരിക്കുന്നു.
''ലോകത്തെതന്നെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയിലുള്ള തിരഞ്ഞെടുപ്പാണ് ഇപ്പോൾ ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്നത്. വലിയ ഭൂരിപക്ഷത്തിൽ നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാൽ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ നേട്ടത്തിനൊപ്പം മോദിയും എത്തും. ഫലം എന്തുതന്നെയായാലും ആത്യന്തികമായി തോൽക്കുന്നത് ഇന്ത്യൻ ജനാധിപത്യമായിരിക്കും. സ്വയം വിമർശനത്തിന് തയാറായ ആളാണ് നെഹ്‌റു. എന്നാൽ മോദിക്ക് പ്രതിപക്ഷത്തിന്റെ വിമർശനം പോലും ഉൾക്കൊള്ളാനുള്ള സഹിഷ്ണുത ഇല്ല,'' ഗാർഡിയൻ എഡിറ്റോറിയൽ ഇങ്ങനെ തുറന്നെഴുതിയിരിക്കുന്നു.
നീണ്ട 10 സംവത്സരക്കാലത്തെ മോദി ഭരണത്തിനു ശേഷം ഇന്ത്യക്കാരുടെ മനസ്സ് മാറിയിട്ടുണ്ടാകുമെന്ന് ഗാർഡിയൻ കരുതുന്നു. ''തൊഴിലില്ലായ്മ, പണപ്പെരുപ്പം, വരുമാന അരക്ഷിതാവസ്ഥ എന്നിവയെക്കുറിച്ചാണ് ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ആശങ്കാകുലരെന്ന് സർവേകൾ സൂചിപ്പിക്കുന്നു. ഈ വിഷയങ്ങളിൽ മോദിക്ക് മോശം റെക്കോഡാണുള്ളത്. ഇത് പ്രതിപക്ഷം നിരന്തരം ഉന്നയിക്കുന്നുമുണ്ട്. മോദിയുടെ ഭരണകാലത്തിൽ അഴിമതി വർധിച്ചതായി ഭൂരിഭാഗം വോട്ടർമാരും കരുതുന്നു. സമീപകാലത്തെ സാമ്പത്തിക വളർച്ച സമ്പന്നർക്കു മാത്രം പ്രയോജനപ്പെടുന്നതാണ്. ഇന്ത്യൻ സാമ്പത്തികരംഗത്തെ അസമത്വം കൊളോണിയൽ കാലത്തേതിനെക്കാൾ അസമത്വത്തിലാണെന്നു പറഞ്ഞാൽ അതിശയിക്കേണ്ടതില്ല,'' ഇങ്ങനെയൊക്കെയാണ് ഗാർഡിയൻ വെട്ടിത്തുറന്നെഴുതിയിരിക്കുന്നത്.
''സമകാലീന ഇന്ത്യ ഒരിക്കലും മതത്തിന്റെയോ വംശീയതയുടെയോ അടിസ്ഥാനത്തിൽ അതിന്റെ സ്വത്വത്തെ നിർവചിച്ചിട്ടില്ല. ഭൂരിഭാഗം ഇന്ത്യക്കാരും ഹിന്ദുക്കളാണ്. എന്നാൽ, രാജ്യം 20 കോടി മുസ്ലിങ്ങളുടേത് കൂടിയാണ്. മോദിയെപ്പോലുള്ള ഹിന്ദു ദേശീയവാദികൾ ഹിന്ദുക്കളുടെ മുൻഗണനയ്ക്കുവേണ്ടി വാദിക്കുന്നു. അതുകൊണ്ടാണ് ഭരണ പാർട്ടിയുമായി ബന്ധമുള്ള തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകൾ താഴേത്തട്ടിൽ അക്രമാസക്തമായി പ്രവർത്തിക്കുന്നത്. മോദിക്ക് അധികാരം നഷ്ടപ്പെടുകയാണെങ്കിൽ, ഈ സംഘടനകൾക്കു പഴയ നിലയിലേക്ക് തിരിച്ചെത്താൻ പ്രയാസമായിരിക്കും,'' എന്നുകൂടി ഗാർഡിയൻ പറഞ്ഞുവെയ്ക്കുന്നു.
ജനസാന്ദ്രത കൂടിയ ഉത്തരേന്ത്യയിൽ പുരോഗതിയുടെ അഭാവം മറയ്ക്കാൻ ബി.ജെ.പി ഹിന്ദുമതത്തെ തീവ്രമായി ഉപയോഗിക്കുന്നു. ഉത്തരേന്ത്യയിൽ ബി.ജെ.പിയുടെ പ്രധാന എതിരാളികളിലൊരാളായ അരവിന്ദ് കെജ്രിവാൾ രാജ്യതലസ്ഥാനമായ ഡൽഹിയിൽ ദക്ഷിണേന്ത്യൻ മാതൃക നടപ്പിലാക്കാൻ ശ്രമിച്ചയാളാണ്. ഇന്ത്യൻ വോട്ടർമാർ ഇത് മോദിയുടെ ആത്മവിശ്വാസത്തേക്കാൾ, അദ്ദേഹത്തിന്റെ അരക്ഷിതാവസ്ഥയുടെ അടയാളമായി കണ്ടേക്കാം,''എന്നും ഗാർഡിയൻ തുറന്നടിക്കുന്നു. മികച്ച ആരോഗ്യവും, നല്ല വിദ്യാഭ്യാസവും, ദാരിദ്ര്യ നിർമാർജന സംവിധാനങ്ങളും നിലവിലുള്ള നാടാണ് തമിഴ്‌നാട്. അവിടെ വർഗീയക്കാർഡ് ഇറക്കി ജനങ്ങളെ ചേരിതിരിക്കാൻ നോക്കിയ മോദിക്ക് ഏറ്റവും വലിയ തിരിച്ചടി നേരിടാൻ പോകുന്നത് ആ മേഖലയിൽ നിന്നായിരിക്കും''എഡിറ്റോറിയലിൽ അടിവരയിട്ടുപറഞ്ഞിരിക്കുന്നു.
എന്നിട്ടും നമ്മുടെ മാധ്യമങ്ങൾ ഇതൊന്നും കണ്ടതായി നടിക്കുന്നില്ലെന്നതാണ് അത്ഭുതകരം. ഇതിനിടയിൽ മറ്റൊരു വലിയ സംഭവം കൂടി നടന്നിരിക്കുന്നു. അത് മോദിയുടേയും അമിത് ഷായുടേയും സ്വന്തം തട്ടകമായ ഗുജറാത്തിൽ തന്നെയാണ് സംഭവിച്ചത്. ഗുജറാത്ത് സഹകരണ സ്ഥാപനങ്ങളിലേക്ക് ഈയിടെ നടന്ന തിരഞ്ഞെടുപ്പിൽ അമിത് ഷായുടെ നോമിനിയായ ബിപിൻ പട്ടേലാണ് തോറ്റുതൊപ്പിയിട്ടത്. അമിത് ഷാ നേരിട്ടിറങ്ങി വോട്ട് പിടിച്ച ബിപിൻ പട്ടേൽ പരാജയത്തിന്റെ പടുകുഴിയിലേക്ക് തള്ളപ്പെട്ടു. ഈ പരാജയത്തിന് എന്തെന്നില്ലാത്ത പ്രാധാന്യമുണ്ട്. അത് മനസിലാക്കാൻ ഗുജറാത്ത് രാഷ്ട്രീയവും സഹകരണ രംഗവും തമ്മിലുള്ള ബന്ധമെന്താണെന്നറിയണം. ബി.ജെ.പി സഹകരണ മേഖലയിലെ സ്വാധീനത്തിലൂടെ എങ്ങനെ ഭരണംപിടിച്ചു എന്നുകൂടി ഇതിനോട് ചേർത്ത് പരിശോധിക്കണം. എങ്കിൽ മാത്രമേ അമിത് ഷാ നിർത്തിയ സ്ഥാനാർഥി പരാജയപ്പെട്ടത് എങ്ങനെ ബി.ജെ.പിക്ക് ആഘാതമുണ്ടാക്കിയിരിക്കുന്നു എന്ന് മനസിലാവുകയേയുള്ളു.
ഗോട്ട എന്ന് കളിപ്പേരുള്ള ബിപിൻ പട്ടേലിനെതിരെ മത്സരിച്ചതാണെങ്കിൽ ബി.ജെ.പിയുടെ നിലവിലെ എം.എൽ.എയും മുൻമന്ത്രിയുമായ ജയേഷ് റഡാഡി ആയിരുന്നു. മത്സരിച്ചു എന്ന് മാത്രമല്ല വ്യക്തമായ ഭൂരിപക്ഷത്തിൽ അമിത് ഷായുടെ നോമിനിയായ ബി.ജെ.പി ഔദ്യോഗിക സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തുകയും ചെയ്തു.രണ്ട് ബി.ജെ.പി നേതാക്കൾ പരസ്പരം മത്സരിക്കുന്ന സാഹചര്യം എങ്ങിനേയും ഒഴിവാക്കാനായി കളിച്ച കളി ചില്ലറയായിരുന്നില്ല. ഇഷ്ടന്റെ നോമിനിയായ ബിപിൻ പട്ടേലിനെ ജയിപ്പിക്കുന്നതിനും സാക്ഷാൽ ചാണക്യനെന്ന് സ്വയം കരുതുന്ന അമിത് ഷാ തന്നെ ജയേഷ് റഡാഡിയയുടെ വീട്ടിൽ പലവട്ടം പോവുകയും സൗഹൃദ വിരുന്നിൽ പങ്കെടുത്ത് അനുനയന ശ്രമങ്ങൾ നടത്തുകയും ചെയ്തിരുന്നു.
എന്നാൽ ജയേഷ് റഡാഡിയ
അതെല്ലാം അപ്പാടെ തള്ളിക്കളയുകയായിരുന്നു. നിലവിൽ ഗുജറാത്ത് ബി.ജെ.പിയിൽ
നിലനിൽക്കുന്ന പ്രശ്‌നങ്ങളെ അടിച്ചമർത്താൻ ഔദ്യോഗിക പക്ഷത്തിന്
ഒരുതരത്തിലും സാധിക്കുന്നില്ലെന്നു ചുരുക്കം. ഗുജറാത്ത് രാഷ്ട്രീയത്തെ
നിയന്ത്രിക്കുന്ന അന്തർധാരയാണ് സഹകരണമേഖല എന്നുകൂടി ഓർക്കണം.
ഗുജറാത്ത്
എന്ന തുറുപ്പുചീട്ട് കാട്ടിയാണ് ബി.ജെ.പി രാജ്യം മുഴുവൻ കൈക്കലാക്കാൻ
ഇറങ്ങിത്തിരിച്ചത്. പിന്നെ നാം കാണുന്നത് മോദി തരംഗം ആഞ്ഞടിക്കുന്നതാണ്.
എതിർശബ്ദങ്ങളെ കഴിയുന്നത്ര അടിച്ചമർത്തിയുള്ള ഭരണം.
എന്നാൽ തങ്ങളുടെ പരീക്ഷണശാല തന്നെ ആടിയുലയുമ്പോൾ, സംഘടനയെ മുഴുവൻ കൈപ്പിടിയിലൊതുക്കിയ മോദിക്കും അമിത് ഷായ്ക്കും നോക്കി നിൽക്കാൻ മാത്രമേ സാധിക്കുന്നുള്ളൂ. ഇത് ബി.ജെ.പിയെ ഈ തിരഞ്ഞെടുപ്പിലും അതിനു ശേഷവും എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്നു കാണുകതന്നെ വേണം..
എമ എൽസ എൽവിൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്