രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ സർവീസുകൾ കഴിഞ്ഞ ദിവസങ്ങളിലായി കൂട്ടത്തോടെ റദ്ദാക്കിയതിനെ തുടർന്ന് വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ ദുരിതം വർധിച്ചു. ഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തതോടെ യാത്രക്കാരുടെ പദ്ധതികളെല്ലാം താളംതെറ്റി. ഈ സാഹചര്യത്തിൽ, തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇൻഡിഗോ.
ഡിസംബർ 5 മുതൽ 15 വരെ റദ്ദാക്കിയ എല്ലാ ഫ്ലൈറ്റുകളുടെയും ടിക്കറ്റ് തുക പൂർണമായും തിരികെ നൽകുമെന്ന് എയർലൈൻ അറിയിച്ചു. ടിക്കറ്റ് എടുത്ത അതേ അക്കൗണ്ടിലേക്ക് റീഫണ്ട് തുക ഓട്ടോമാറ്റിക്കായി എത്തുമെന്നും കമ്പനി വ്യക്തമാക്കി. റദ്ദാക്കലിനോ റീഷെഡ്യൂളിങ്ങിനോ ഈ കാലയളവിൽ യാതൊരു ഫീസും ഈടാക്കുകയില്ല.
പൈലറ്റുമാരുടെ കുറവാണ് വിമാനങ്ങൾ റദ്ദാക്കാൻ പ്രധാന കാരണമെന്ന് ഇൻഡിഗോ വ്യോമയാന മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. പുതിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻസ് (FDTL) നിയമങ്ങൾ കൂടി നിലവിൽ വന്നതോടെ സ്ഥിതി കൂടുതൽ വഷളായി. ചൊവ്വാഴ്ച 35 ശതമാനമുണ്ടായിരുന്ന ഇൻഡിഗോയുടെ ഓൺ-ടൈം പെർഫോമൻസ് (OTP) വ്യാഴാഴ്ചയോടെ 8.5 ശതമാനമായി കൂപ്പുകുത്തിയിരുന്നു.
യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായി വിമാനത്താവളങ്ങളിൽ ഭക്ഷണവും ലഘുഭക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ, ആയിരക്കണക്കിന് ഹോട്ടൽ മുറികളും മറ്റു യാത്രാ സൗകര്യങ്ങളും ഏർപ്പെടുത്തി. മുതിർന്ന പൗരന്മാർക്ക് സാധ്യമായ ഇടങ്ങളിൽ പ്രത്യേക ലോഞ്ച് സൗകര്യവും നൽകുന്നുണ്ട്. എങ്കിലും, കൃത്യസമയത്തിന് പേരെടുത്ത ഒരു വിമാനക്കമ്പനിയിൽനിന്നുണ്ടായ ഈ ഗുരുതര വീഴ്ച, വലിയ തോതിലുള്ള പ്രതിഷേധത്തിനും ആശങ്കയ്ക്കും വഴിയൊരുക്കിയിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
