ഹരിയാനയിൽ കോൺഗ്രസ് ഇരന്നു വാങ്ങി തോൽവി

OCTOBER 9, 2024, 9:18 AM

ഹരിയാനയിൽ ജാട്ട് വോട്ടുകളിൽ അമിതപ്രതീക്ഷയർപ്പിച്ച്, ദലിത് വിഭാഗത്തെ തഴഞ്ഞ കോൺഗ്രസിന്റെ രാഷ്ട്രീയവീഴ്ചയിലൂടെ ബി.ജെ.പി ഹാട്രിക് വിജയം കരഗതമാക്കി. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പത്തിൽ അഞ്ചു സീറ്റുമാത്രം നേടിയ ബി.ജെ.പിയുടെ മികച്ച തിരിച്ചുവരവു തന്നെയാണ്. മാത്രമല്ല, 2019ൽ ഭരണത്തിന് ജെ.ജെ.പിയുടെ സഹായം വേണ്ടിവന്ന ബി.ജെ.പിക്ക് ഇത്തവണ ഒറ്റയ്ക്ക് ഭൂരിപക്ഷവുമായി.

ഹരിയാനയിൽ നീണ്ട പത്തു സംവത്സരത്തിനുശേഷം അധികാരത്തിലേറാമെന്നു കരുതിയ കോൺഗ്രസിന് അടിതെറ്റി. വോട്ടെണ്ണിത്തുടങ്ങിയപ്പോൾ ഏറെ വിജയപ്രതീക്ഷ നൽകുകയും ആദ്യ മണിക്കൂറുകളിൽ 62 സീറ്റിലും ലീഡ് നേടിക്കൊണ്ടിരുന്നെങ്കിലും തുടർന്ന് വിജയകുതിപ്പോടെ ബി.ജെ.പി ഏവരേയും അമ്പരപ്പിച്ച് ഹാട്രിക് വിജയം നേടി. കേവല ഭൂരിപക്ഷത്തിനുവേണ്ടത് 46 സീറ്റാണ്. കോൺഗ്രസിന് 37 സീറ്റുണ്ട്. ഐ.എൻ.എൽ.ഡി രണ്ടിടത്തും സ്വതന്ത്രർ മൂന്നിടത്തും ജയിച്ചു. ആം ആദ്മി പാർട്ടിക്ക് സീറ്റൊന്നും കിട്ടിയില്ലെങ്കിലും വോട്ട് ഭിന്നിപ്പിച്ച് ബി.ജെ.പിയുടെ ജയത്തിന് കളമൊരുക്കിയതായി സൂചനയുണ്ട്. പലയിടത്തും ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് വളരെ കുറഞ്ഞ ലീഡേയുള്ളൂ.

ഈ തെരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി കൂടിയായ ഭൂപീന്ദർ സിംഗ് ഹൂഡയെയാണ് കോൺഗ്രസ് അമിതമായി ആശ്രയിച്ചതെന്ന് കാണാനാകും. എന്നാൽ ആ തന്ത്രം പ്രതീക്ഷിച്ച ഫലം നൽകിയില്ല. ജാട്ട്, ദളിത്, മുസ്ലിം വോട്ടുകൾ ഏകീകരിക്കുന്നതിൽ ഇത്തവണ വിജയിക്കുമെന്നായിരുന്നു പാർട്ടിയുടെ കണക്കുകൂട്ടൽ. എന്നാൽ, ജാട്ട് ഇതര, മുസ്ലിം ഇതര വോട്ടുകളും, നിർണായകമായ ഒ.ബി.സി വിഭാഗങ്ങൾക്കിടയിലെ വോട്ടുകളും എകീകരിക്കുന്നതിൽ ബി.ജെ.പി വിജയിച്ച കാഴ്ച്ചയാണ് സംസ്ഥാനത്ത് കാണാനാകുന്നത്.

vachakam
vachakam
vachakam

കിഴക്കൻ, തെക്കൻ ഹരിയാനയിലെ ജാട്ട് ഇതര മേഖലകളെ ബി.ജെ.പി തങ്ങളുടെ ശക്തികേന്ദ്രമായി നിലനിർത്തുകയും ജാട്ട് ആധിപത്യമുള്ള പടിഞ്ഞാറൻ ഹരിയാനയിൽ മികച്ച പ്രകടനം നടത്തുകയും ചെയ്തതോടെ അവിടെ ജാട്ട് ഇതര വോട്ടുകൾ ബി.ജെ.പിയിലേക്ക് എത്തിച്ചേരുകയാണുണ്ടായത്. ബി.ജെ.പിക്കെതിരെ ഭരണവിരുദ്ധ വികാരം പ്രകടമായിരുന്നിട്ടും, അതു മുതലാക്കാൻ കഴിഞ്ഞില്ല. അതേസമയം തന്നെ ഹൂഡയും മുൻ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ കുമാരി സെൽജയും തമ്മിലുള്ള സംഘർഷം നിയന്ത്രിക്കുന്നതിലും കോൺഗ്രസ് പാടുപെട്ടു, ഇത് പാർട്ടിയുടെ സാധ്യതകളെ ദുർബലപ്പെടുത്തി.

ബി.ജെ.പിയെപ്പോലെ, ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒരു ഐക്യമുന്നണിയായി മത്സരത്തിനിറങ്ങിയില്ല. പോരാത്തതിന് നിരവധി വിമതർ സ്വതന്ത്രരായി മത്സരിക്കുകയും ചെയ്തു. ജയിച്ചാൽ ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് മുൻകൂർ സൂചനകൾ ഒന്നും തന്നെ നൽകിയിരുന്നില്ലെങ്കിൽ, ഭുപീന്ദർ ഹൂഡ ആ സ്ഥാനത്തേക്ക് ശക്തമായ അവകാശവാദം ഉയർത്തി മുന്നോട്ടു വന്ന് നിന്നതും കോൺഗ്രസിന് തിരിച്ചടിയായി എന്നു പറയാം. ജാട്ട് ഇതര വോട്ടർമാർക്കിടയിൽ ഹൂഡയുടെ തിരിച്ചു വരവ് അസ്വസ്ഥതയുണ്ടാക്കിയിരുന്നു. അവർ ഇപ്പോഴും 2004 മുതൽ 2014 വരെയുള്ള ഹൂഡ സർക്കാരിനെ അഴിമതി നിറഞ്ഞ ഒരു മോശം ഭരണകൂടമായി തന്നെയാണ് കാണുന്നത്. ഹൂഡയുടെ ഭരണകാലത്ത് സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയും മോശമായിരുന്നു.

ബി.ജെ.പി അധികാരം നിലനിർത്തുകയാണെങ്കിൽ, ഈ വർഷം ആദ്യം സിറ്റിംഗ് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെ മാറ്റി ഒ.ബി.സി നേതാവ് നയാബ് സിംഗ് സൈനിയെ ചുമതലയേൽപ്പിക്കാനുള്ള ബി.ജെ.പിയുടെ തീരുമാനം ഫലം കണ്ടതായി പറയാം. 2022ൽ ഉത്തരാഖണ്ഡിൽ ബി.ജെ.പി നടത്തി വിജയിച്ച അതേ പരീക്ഷണമാണിത്. അവിടെ തെരഞ്ഞെടുപ്പിന് ആറ് മാസം മുമ്പ് പുഷ്‌കർ സിംഗ് ധാമിയെ മുഖ്യമന്ത്രിയാക്കി കൊണ്ടു വരികയായിരുന്നു. ബി.ജെ.പി സർക്കാരിനെതിരേ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം നിലനിന്നിരുന്നുവെങ്കിലും മുതിർന്ന നേതാവ് ഹരീഷ് റാവത്തിനെ അമിതമായി ആശ്രയിച്ച കോൺഗ്രസിന് അവസരം മുതലാക്കാൻ കഴിയാതെ പോയി.

vachakam
vachakam
vachakam

വാസ്തവത്തിൽ ശക്തമായ ഭരണവിരുദ്ധവികാരമാണ് ഹരിയാനയിലെങ്ങും ഇതുവരെ കാണാനായത്. കർഷകരുടെയും വനിതാ ഗുസ്തി താരങ്ങളുടെയും തൊഴിലില്ലാത്ത യുവാക്കളുടെയും വിലക്കയറ്റത്തിൽ പൊറുതിമുട്ടിയ സാധാരണ ജനങ്ങളുടെയുമെല്ലാം രോഷം തുടങ്ങി പ്രത്യക്ഷത്തിൽ കോൺഗ്രസിന് അനുകൂലമായ നിരവധി ഘടകങ്ങൾ ഇത്തവണയുണ്ടായിരുന്നു. ഇതെല്ലാം കാമ്പയിനിൽ കോൺഗ്രസ് ഉയർത്തുകയും ബി.ജെ.പി ഒട്ടൊക്കെ പ്രതിരോധത്തിലാകുകയും ചെയ്തിരുന്നു. മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറെ ഒഴിവാക്കിയായിരുന്നു ബി.ജെ.പി കാമ്പയിൻ. മാത്രമല്ല, സ്ഥാനാർത്ഥി ലിസ്റ്റിൽ നിരാശരായ നിരവധി നേതാക്കൾ റബലുകളായി നിരവധി സീറ്റുകളിൽ ബി.ജെ.പിക്കെതിരെ രംഗത്തുണ്ടായിരുന്നു. എന്നാൽ, ഈ അനുകൂല ഘടകങ്ങളൊന്നും കോൺഗ്രസിനെ തുണച്ചില്ല.

കോൺഗ്രസ് നേതാവും അപ്രഖ്യാപിത മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായിരുന്ന ഭൂപീന്ദർ ഹൂഡയാണ് സംസ്ഥാനത്ത് ജാട്ട് വിഭാഗ വോട്ടുകളുടെ കുത്തക അവകാശപ്പെട്ടിരുന്നത്. ഇത്തവണ കർഷകപ്രക്ഷോഭത്തെതുടർന്ന് ജാട്ട് വിഭാഗങ്ങൾക്കിടയിൽ ബി.ജെ.പിക്കെതിരെ കടുത്ത രോഷമുണ്ട് എന്ന സൂചനയെ തുടർന്ന് പാർട്ടി, ജാട്ട് വോട്ടുബാങ്കിൽ അമിത പ്രതീക്ഷയും പുലർത്തി. ഇത് ജാട്ട് ഇതര വിഭാഗങ്ങളുടെ അതൃപ്തിക്ക് കാരണമായിട്ടുണ്ടെന്ന് ബി.ജെ.പിയുടെ വിജയം കാണിക്കുന്നു. ഇത്തവണ, ജാട്ട് മേഖലയെ കൈവിട്ട് അഹിർവാൽ ബെൽറ്റിലാണ് ബി.ജെ.പി കാര്യമായ ശ്രദ്ധ നൽകിയത്. എന്നിട്ടും ജാട്ട് മേഖലയിലെ 17 സീറ്റിൽ 11ലും ബി.ജെ.പി മുൻതൂക്കം നേടി. കുരുക്ഷേത്ര മേഖലയിൽ കോൺഗ്രസ് 14 സീറ്റിലും ബി.ജെ.പി 11 സീറ്റിലും ലീഡ് നിലനിർത്തി.

2014ൽ നാലു സീറ്റിൽ നിന്ന് 47ലേക്ക് കുതിക്കാൻ ബി.ജെ.പിയെ തുണച്ച അതേ സാമുദായിക നയതന്ത്രത്തെ തന്നെയാണ് ഇത്തവണവും പാർട്ടി ആശ്രയിച്ചത് ഒ.ബി.സി ദലിത് പിന്നോക്ക വോട്ടിൽ ഊന്നുക. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് മനോഹർ ലാൽ ഖട്ടറെ മാറ്റി, ഒ.ബി.സിക്കാരനായ നയബ് സിങ് സെയ്‌നിയെ മുഖ്യമന്ത്രിയാക്കിയതുമുതൽ തുടങ്ങുന്നു, സാമുദായിക വോട്ട് ഉറപ്പിച്ചുനിർത്താനുള്ള ബി.ജെ.പി സൂത്രങ്ങൾ.

vachakam
vachakam
vachakam

ജാട്ട് ഇതര, ദലിത് പിന്നോക്ക വിഭാഗങ്ങളുടെ വോട്ടുകൾ ബി.ജെ.പിക്ക് ലഭിച്ചത്, കോൺഗ്രസിന്റെ തന്ത്രപരമായ പിഴവുകൾ മൂലമാണ്. എന്തുതന്നെയായാലും കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പത്തിൽ അഞ്ചു സീറ്റുമാത്രം നേടിയ ബി.ജെ.പിയുടെ മികച്ച തിരിച്ചുവരവു തന്നെയാണ്. മാത്രമല്ല, 2019ൽ ഭരണത്തിന് ജെ.ജെ.പിയുടെ സഹായം വേണ്ടിവന്ന ബി.ജെ.പിക്ക് ഇത്തവണ ഒറ്റയ്ക്ക് ഭൂരിപക്ഷവുമായി.

എമ എൽസ എൽവിൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam