ട്രെക്കിംഗിനിടെ മരണം; പൂനെയിൽ യുവ വ്യവസായിയുടെ മരണത്തിന് പിന്നിൽ പ്രതിശ്രുത വധുവും കാമുകനും എന്ന് പൊലീസ്

JUNE 23, 2026, 10:35 PM

പൂനെ: മഹാരാഷ്ട്രയിലെ ഒരു കോട്ടയിൽ ട്രെക്കിംഗിനിടെ താഴ്ചയിലേക്ക് വീണ് യുവാവ് മരിച്ച സംഭവം ആസൂത്രിത കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. പൂനെ സ്വദേശിയും വ്യവസായിയുമായ കേതൻ വിശാൽ അഗർവാളിന്റെ മരണമാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. കേസിൽ പ്രതിശ്രുത വധു സിയ ഗോയലും അവളുടെ കാമുകൻ ചേതൻ ചൗധരിയും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തൽ.

വിവാഹ നിശ്ചയത്തിനായി സ്വകാര്യ ജെറ്റുകളും കൊട്ടാരങ്ങളും ഉൾപ്പെടുന്ന ആഡംബര ഒരുക്കങ്ങൾ പുരോഗമിക്കുമ്പോഴായിരുന്നു കേതന്റെ മരണം. കേതൻ കാൽ വഴുതി വീണതാണെന്നായിരുന്നു ആദ്യം സിയ ഗോയൽ കുടുംബത്തോടും പൊലീസിനോടും പറഞ്ഞത്. പിന്നാലെ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ, “എന്റെ ജന്മദിനത്തിൽ നീ എന്നെ വിട്ടുപോയി, വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നീ പോയി” എന്നിങ്ങനെ സിയ ദുഃഖം പ്രകടിപ്പിക്കുകയും ചെയ്തു. ഇതോടെ അപകടമരണമെന്ന നിഗമനത്തിലാണ് ആദ്യം കേസ് നീങ്ങിയത്.

എന്നാൽ കേതൻ മികച്ചൊരു ട്രെക്കറായിരുന്നുവെന്നും ഇത്തരമൊരു അപകടം പെട്ടെന്ന് സംഭവിക്കില്ലെന്നുമുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയാണ് പൊലീസിൽ ആദ്യ സംശയം ഉണർത്തിയത്. മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് നാലാം ദിവസം കേതന്റെ വീട്ടിലെത്തിയ സിയയുടെ അസ്വാഭാവിക പെരുമാറ്റവും മറുപടികളും കേതന്റെ സഹോദരിയിൽ സംശയം വർധിപ്പിച്ചു. തുടർന്ന് പൊലീസ് അന്വേഷണം സിയയിലേക്കു തിരിയുകയായിരുന്നു.

vachakam
vachakam
vachakam

അന്വേഷണത്തിലാണ് സിയയും ചേതനും ചേർന്ന് കേതനെ കൊലപ്പെടുത്താൻ നേരത്തേ തന്നെ പദ്ധതി തയ്യാറാക്കിയിരുന്നുവെന്ന് വ്യക്തമായത്. കൊലപാതകത്തിന് അഞ്ച് ദിവസം മുൻപ് തന്നെ ആദ്യ ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെട്ടു. തുടർന്ന് ജൂൺ 18ന് കോട്ടയിലേക്ക് കൂട്ടിക്കൊണ്ടുപോയി കേതനെ തള്ളിയിട്ടാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ.

സിയയും ചേതനും കഴിഞ്ഞ ആറുമാസത്തിനിടെ 2,004 തവണ ഫോണിൽ ബന്ധപ്പെട്ടു, 238 മണിക്കൂറിലധികം സംസാരിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. കൊലപാതകം നടന്ന ദിവസം രാവിലെ മുതൽ വൈകിട്ട് വരെ ചേതൻ തന്റെ ഫോണിലെ ഇന്റർനെറ്റ് ഓഫാക്കി വെച്ചതും, ലൊക്കേഷൻ മറയ്ക്കാൻ സ്വന്തം ഫോൺ കടയിൽ വെച്ച് ജീവനക്കാരന്റെ ഫോൺ ഉപയോഗിച്ചതും അന്വേഷണത്തിൽ പുറത്തുവന്നു.

പ്രമുഖ ബിൽഡറായ വിശാൽ അഗർവാളിന്റെ മകനാണ് കേതൻ. കേതനും സിയയും തമ്മിലുള്ള വിവാഹനിശ്ചയം ഫെബ്രുവരിയിലായിരുന്നു. നവംബർ 25ന് വിവാഹം നടക്കാനിരിക്കെ, ജയ്പൂരിൽ കൊട്ടാരവും അതിഥികൾക്കായി രണ്ട് ചാർട്ടേഡ് വിമാനങ്ങളും വരെ ബുക്ക് ചെയ്തിരുന്നു. സിയയുടെ ജന്മദിനാഘോഷത്തിനായി യാത്ര പോയപ്പോഴാണ് കൊലപാതകം നടപ്പാക്കിയതെന്നാണ് പൊലീസ് പറയുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam