ബംഗളൂരു: മാസങ്ങള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥാനം രാജിവെച്ചു. വ്യാഴാഴ്ച ഉച്ചയോടെ ബംഗളൂരുവിലെ ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ ലോക്ഭവനിലെത്തിയ അദ്ദേഹം രാജിക്കത്ത് കൈമാറി. നിലവില്‍ ഗവര്‍ണര്‍ താവര്‍ ചന്ദ് ഗഹ്ലോത് സ്വകാര്യ ആവശ്യങ്ങള്‍ക്കായി സംസ്ഥാനത്തിന് പുറത്തായതിനാല്‍ ഗവര്‍ണറുടെ സ്‌പെഷ്യല്‍ സെക്രട്ടറി പ്രഭുശങ്കറാണ് രാജിക്കത്ത് സ്വീകരിച്ചത്. ഗവര്‍ണര്‍ തിരിച്ചെത്തിയ ശേഷം രാജിയില്‍ ഔദ്യോഗിക തീരുമാനം ഉണ്ടാകും.
വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ച് നടന്ന മന്ത്രിമാരുടെ പ്രഭാതഭക്ഷണ യോഗത്തിലാണ് താന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശ പ്രകാരം സ്ഥാനമൊഴിയുകയാണെന്ന കാര്യം സിദ്ധരാമയ്യ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സിദ്ധരാമയ്യയുടെ പിന്‍ഗാമിയായി നിലവിലെ ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്നാണ് സൂചന. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം വെള്ളിയാഴ്ച ചേരും.
എന്നാല്‍ വാര്‍ത്താ സമ്മേളനത്തില്‍ അടുത്ത മുഖ്യമന്ത്രി ആരാണെന്ന ചോദ്യത്തിന്, ഹൈക്കമാന്‍ഡും നിയമസഭാ കക്ഷിയും തീരുമാനിക്കുന്ന ആള്‍ അടുത്ത മുഖ്യമന്ത്രിയാകും എന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം. കോണ്‍ഗ്രസിന്റെ മുന്‍നിര പോരാളിയായ ഡി.കെ ശിവകുമാറിന് പുറമെ രണ്ടോ മൂന്നോ ഉപമുഖ്യമന്ത്രിമാര്‍ കൂടി പുതിയ മന്ത്രിസഭയില്‍ ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേതൃമാറ്റ വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഡി.കെ. ശിവകുമാറിന്റെ അനുയായികള്‍ ബംഗളൂരുവില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്ത് ആഘോഷങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
രാജിവെച്ചതിന് പിന്നാലെ ഡി.കെ ശിവകുമാറിനെയും മറ്റ് മുതിര്‍ന്ന മന്ത്രിമാരെയും ഒപ്പം നിര്‍ത്തി സിദ്ധരാമയ്യ നടത്തിയ വാര്‍ത്താ സമ്മേളനം ശക്തിപ്രകടനമായി മാറി. ഹൈക്കമാന്‍ഡ് തനിക്ക് രാജ്യസഭാ സീറ്റും ദേശീയ തലത്തില്‍ വലിയ പദവികളും വാഗ്ദാനം ചെയ്തിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. എന്നാല്‍ തനിക്ക് ദേശീയ രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ലെന്നും കര്‍ണാടക രാഷ്ട്രീയത്തില്‍ തന്നെ സജീവമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
'എന്റെ അമ്പത് വര്‍ഷത്തെ രാഷ്ട്രീയ ജീവിതം ഒരു തുറന്ന പുസ്തകമാണ്. ഞാന്‍ ഒരിക്കലും പണത്തിന് പിന്നാലെയോ പദവികള്‍ക്ക് പിന്നാലെയോ പോയിട്ടില്ല. വര്‍ഗീയ ശക്തികള്‍ക്കെതിരെയും ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയും എന്റെ അവസാന ശ്വാസം വരെ ഞാന്‍ പോരാടും.'- സിദ്ധരാമയ്യ വ്യക്തമാക്കി.
തന്റെ ഭരണകാലത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളും ഗ്യാരന്റികളും പൂര്‍ണ്ണമായി പാലിക്കാന്‍ കഴിഞ്ഞുവെന്നും ആളോഹരി വരുമാനത്തില്‍ കര്‍ണാടകത്തെ ഒന്നാമതെത്തിക്കാന്‍ തന്റെ സര്‍ക്കാരിനായെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒപ്പം സംസ്ഥാനത്തുണ്ടായ റവന്യൂ കമ്മിക്ക് മുന്‍ ബി.ജെ.പി സര്‍ക്കാരിന്റെ ധനകാര്യ മാനേജ്മെന്റ് തകര്‍ച്ചയും കേന്ദ്ര സര്‍ക്കാര്‍ നല്‍കാനുള്ള കോടിക്കണക്കിന് രൂപയുടെ ഫണ്ടുകള്‍ തടഞ്ഞുവെച്ചതുമാണ് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
