രാജസ്ഥാനിലെ ജോധ്പൂരിൽ നടന്ന അവിശ്വസനീയമായ ഒരു വാഹനാപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായിരിക്കുന്നത്. കാറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് ഒട്ടകം വാഹനത്തിന്റെ മുൻഭാഗം തകർത്ത് അകത്തേക്ക് കുടുങ്ങുകയായിരുന്നു. ഈ അപകടത്തിൽ കാർ ഓടിച്ചിരുന്നയാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
ജോധ്പൂരിലെ ഫലോഡി-ഡെച്ചു റോഡിൽ കൊളു പബുജിക്ക് സമീപം ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ജോധ്പൂർ സ്വദേശിയായ രാംസിംഗ് ഓടിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. റോഡിലേക്ക് അശ്രദ്ധമായി കടന്നുവന്ന ഒട്ടകത്തെ പെട്ടെന്ന് ബ്രേക്ക് ചെയ്ത് നിർത്താൻ ഡ്രൈവർക്ക് സാധിക്കാതെ വന്നതാണ് കൂട്ടിയിടിക്ക് കാരണമായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ശക്തമായ കൂട്ടിയിടിയിൽ കാറിന്റെ മുൻഭാഗത്തെ വിൻഡ്‌സ്‌ക്രീനും മേൽക്കൂരയും പൂർണ്ണമായും തകർന്നു. ഇതോടെ ഒട്ടകത്തിൻ്റെ വലിയൊരു ഭാഗം കാറിനുള്ളിൽ കുടുങ്ങിപ്പോകുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ രാംസിംഗിനെ ഉടൻ തന്നെ നാട്ടുകാർ പുറത്തെടുത്ത് പ്രാഥമിക ചികിത്സ നൽകി, തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ജോധ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഏകദേശം രണ്ട് മണിക്കൂറോളമാണ് ഒട്ടകം കാറിനുള്ളിൽ കുടുങ്ങിക്കിടന്നത്. നാട്ടുകാരുടെയും തദ്ദേശ സ്ഥാപന അധികൃതരുടെയും ശ്രമഫലമായി ഒടുവിൽ ഒട്ടകത്തെ രക്ഷപ്പെടുത്താനായി. കാറിന്റെ ഭാഗങ്ങൾ ജെസിബി ഉപയോഗിച്ച് പൊളിച്ചാണ് ഒട്ടകത്തെ സുരക്ഷിതമായി പുറത്തെത്തിച്ചത്. കാറിൽ നിന്ന് മോചിതനായ ഉടൻ തന്നെ ഒട്ടകം സാരമായ പരിക്കുകളില്ലാതെ ഓടിപ്പോയെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കി. അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
