തെരഞ്ഞടുപ്പ് വിജയത്തിന് പിന്നാലെ ഡൽഹിയിലെ മുസ്തഫാബാദിന്റെ പേര് മാറ്റാനൊരുങ്ങി ബിജെപി. സത്യപ്രതിജ്ഞ ചെയ്ത ഉടൻ തന്റെ നിയോജകമണ്ഡലത്തിന്റെ പേര് 'ശിവ് പുരി' അല്ലെങ്കിൽ 'ശിവ് വിഹാർ' എന്ന് പുനർനാമകരണം ചെയ്യുമെന്ന് ബിജെപി നേതാവും മുസ്തഫാബാദിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എംഎൽഎയുമായ മോഹൻ സിങ് ബിഷ്ത് പറഞ്ഞു.
പേരുമാറ്റുമെന്ന പ്രഖ്യാപനം ഇതിനോടകം തന്നെ വലിയ വിവാദമായിരിക്കുകയാണ്. ന്യൂനപക്ഷ മണ്ഡലമായ മുസ്തഫാബാദിൽ ആംആദ്മി സ്ഥാനാർഥി അദീൽ അഹമ്മദിനെ 17,500ൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിക്കൊണ്ടാണ് മോഹൻ സിങ് ബിഷ്ത് അധികാരത്തിലേറിയത്.
മുസ്തഫാബാദ് എന്ന പേര് ശിവ്‌പുരി അല്ലെങ്കിൽ ശിവ് വിഹാർ എന്നാക്കി മാറ്റുമെന്ന് ഇതിന് മുമ്പും പറഞ്ഞിട്ടുണ്ടെന്ന് മോഹൻ സിങ് ബിഷ്ത് പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ മുസ്തഫാബാദ് എന്ന പേര് നിലനിർത്താൻ നിർബന്ധിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും ബിജെപി എംഎൽഎ പറഞ്ഞു.
ഹിന്ദുക്കൾ കൂടുതലായി അധിവസിക്കുന്ന ഒരു പ്രദേശത്തിന് ശിവ്‌പുരി അല്ലെങ്കിൽ ശിവ്‌വിഹാർ എന്ന് പേരിടാൻ കഴിയാത്തത് എന്തുകൊണ്ടാണ്? 'മുസ്തഫ' എന്ന പേര് ആളുകളെ ബുദ്ധിമുട്ടിക്കുന്നതാണ്. അത് മാറ്റണം. പേര് മാറ്റുമെന്ന് ഉറപ്പാക്കുമെന്നും വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെ ബിഷ്ത് പറഞ്ഞു.
2020-ൽ ദേശീയ തലസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപത്തിൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട പ്രദേശങ്ങളിലൊന്നായിരുന്നു വടക്കുകിഴക്കൻ ഡൽഹിയിലെ മുസ്തഫാബാദ് നിയോജകമണ്ഡലം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്