ബംഗളൂരു: അമേരിക്കന്‍-റഷ്യന്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ നേര്‍ക്കുനേര്‍. ആക്രമണത്തിനല്ല ഇവ എത്തിയത്. കര്‍ണാടകയിലെ യെലഹങ്ക വ്യോമതാവളത്തില്‍ നടക്കുന്ന എയ്റോ ഇന്ത്യ പ്രതിരോധ പ്രദര്‍ശനത്തിലാണ് അമേരിക്കയുടെയും റഷ്യയുടെയും അത്യാധുനിക പോര്‍ വിമാനങ്ങളെത്തിയത്.
അമേരിക്കയുടെ അത്യാധുനിക സ്റ്റെല്‍ത്ത് വിമാനമായ എഫ്-35 ഉം റഷ്യന്‍ സ്റ്റെല്‍ത്ത് ഫൈറ്ററായ എസ്.യു-57ഉം ആണ് ഇത്തവണ എയ്റോ ഇന്ത്യയിലെ ശ്രദ്ധേയ താരങ്ങള്‍.
ലോകത്ത് ഇന്നുള്ളതിലേറ്റവും മികച്ച അത്യാധുനിക യുദ്ധ വിമാനങ്ങളിലൊന്നാണ് അമേരിക്കയുടെ എഫ്-35. അമേരിക്കന്‍ വ്യോമസേനയുടെ ഭാഗമായ ഈ യുദ്ധവിമാനം ഇന്ന് സഖ്യകക്ഷികളും ഉപയോഗിക്കുന്നുണ്ട്. അതേസമയം റഷ്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ എസ്.യു-57 പൂര്‍ണതോതില്‍ സേനയുടെ സേനയുടെ ഭാഗമായിട്ടില്ല. എന്നിരുന്നാലും ഇരു യുദ്ധവിമാനങ്ങളും നേരിട്ട് സൈനിക നീക്കങ്ങളില്‍ ഭാഗമായിട്ടുണ്ട്. എന്നാല്‍ നേരിട്ട് ഒരേസ്ഥലത്ത് ഇതുവരെ എത്തിയിട്ടില്ല. ആ ചരിത്രമാണ് എയ്റോ ഇന്ത്യയില്‍ രചിക്കപ്പെട്ടത്.
എസ്.യു-57 വ്യോമാഭ്യാസ പ്രകടനങ്ങള്‍ നടത്തിയെങ്കിലും അമേരിക്കന്‍ വിമാനം പ്രദര്‍ശനത്തിന് വേണ്ടി മാത്രമായാണ് എത്തിച്ചത്. അതേസമയം റഷ്യന്‍ വിമാനത്തിന്റെ അഭ്യാസ പ്രകടനങ്ങള്‍ ആളുകളുടെ മനം കവര്‍ന്നു. ഇരുരാജ്യങ്ങളുടെയും അത്യാധുനിക യുദ്ധവിമാനങ്ങളും ഒരേ ഫ്രെയിമില്‍ നിലയുറപ്പിച്ചിരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
എഫ്-35ന് ഒപ്പം അമേരിക്കന്‍ സൂപ്പര്‍സോണിക് ബോംബര്‍ വിമാനമായ ബി-1ബി ലാന്‍സറും യെലഹങ്കയിലെത്തിയിട്ടുണ്ട്. വ്യോമാഭ്യാസത്തിനില്ലെങ്കിലും ചെറിയതോതിലുള്ള പറക്കല്‍ ദൗത്യങ്ങള്‍ എഫ്-35ഉം നടത്തിയിരുന്നു. എസ്.യു-57 പറന്നുയര്‍ന്ന അതേ റണ്‍വേയില്‍ നിന്ന് മിനിറ്റുകളുടെ വ്യത്യാസത്തില്‍ എഫ്-35ഉം പറന്നുയര്‍ന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇന്ത്യയില്‍ മാത്രമേ ഇത്തരമൊരു കാഴ്ച കാണാനാകുവെന്നാണ് ആളുകളുടെ കമന്റ്.
എയ്റോ ഇന്ത്യയില്‍ ഇന്ത്യ വികസിപ്പിക്കുന്ന സ്റ്റെല്‍ത്ത് വിമാനമായ എ.എം.സി.എ യുടെ പൂര്‍ണവലിപ്പത്തിലുള്ള മാതൃകയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിമാനത്തിന്റെ ഡിസൈനിങ് പ്രക്രിയ പൂര്‍ണമായി എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ഇനി പ്രോട്ടോടൈപ്പ് നിര്‍മാണമുള്‍പ്പെടെയുള്ള അടുത്ത ഘട്ടത്തിലേക്ക് കടക്കും. എയ്റോനോട്ടിക്കല്‍ ഡെവലപ്മെന്റ് ഏജന്‍സിയാണ് എ.എം.സി.എയുടെ ഡിസൈനിങ്ങിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്