ഹരിദ്വാർ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ വാട്ടർ ടാങ്ക് പരിശോധിക്കുന്നതിനിടയിൽ വീട്ടുകാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. ഡസൻ കണക്കിന് കുഞ്ഞ് പാമ്പുകൾ വാട്ടർ ടാങ്കിന്റെ സ്റ്റോറേജ് യൂണിറ്റിൽ ഇഴഞ്ഞുകളിക്കുന്നത് കണ്ട് അമ്പരന്നിരിക്കുകയാണ് ഹരിദ്വാറിലെ ഒരു കുടുംബം.
ഹരിദ്വാറിലെ സാരായി ഗ്രാമത്തിലെ വീട്ടിലാണ് ഈ അപൂർവ്വവും ഭീതിജനകവുമായ സംഭവം നടന്നത്. ടാങ്കിനുള്ളിൽ അസാധാരണമായ അനക്കം കണ്ട് സംശയം തോന്നിയ വീട്ടുകാർ പരിശോധിച്ചപ്പോഴാണ് പാമ്പുകളെ കണ്ടെത്തിയത്. ഉടൻ തന്നെ ഇവർ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് പാമ്പ് പിടിത്തക്കാരായ താലിബ്, ഭോല എന്നിവർ വനം വകുപ്പ് നിർദ്ദേശപ്രകാരം ഉടൻ തന്നെ സ്ഥലത്തെത്തി. ടാങ്കിൽ നിന്നും അതീവ ശ്രദ്ധയോടെ ഇവർ പാമ്പിൻ കുഞ്ഞുങ്ങളെ ഓരോന്നായി പുറത്തെടുത്തു. ആകെ 27 പാമ്പിൻ കുഞ്ഞുങ്ങളാണ് ടാങ്കിൽ ഉണ്ടായിരുന്നതെന്ന് റേഞ്ച് ഓഫീസർ ശിവ്പാൽ സിങ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. പിടികൂടിയ പാമ്പിൻ കുഞ്ഞുങ്ങളെല്ലാം സുരക്ഷിതമായ മറ്റ് ജനവാസമില്ലാത്ത വനമേഖലയിലേക്ക് മാറ്റിയതായും അദ്ദേഹം അറിയിച്ചു.
വീട്ടിലെ വാട്ടർ ടാങ്കിൽ നിന്ന് കൂട്ടത്തോടെ പാമ്പുകളെ പുറത്തെടുക്കുന്നു എന്ന വാർത്ത പരന്നതോടെ വീടിന് മുന്നിൽ വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. കുടിവെള്ളം സൂക്ഷിക്കുന്ന ടാങ്കിനുള്ളിൽ ഇത്രയധികം പാമ്പുകൾ ഒന്നിച്ച് എങ്ങനെ വന്നുവെന്നതിന്റെ അമ്പരപ്പിലാണ് വീട്ടുകാരും നാട്ടുകാരും. മഴക്കാലത്തോട് അനുബന്ധിച്ച് പാമ്പുകൾ സുരക്ഷിത ഇടങ്ങൾ തേടി ഇത്തരം ടാങ്കുകളിലും പൈപ്പുകളിലും കയറിക്കൂടാൻ സാധ്യതയുണ്ടെന്നാണ് വനം വകുപ്പ് അധികൃതർ നൽകുന്ന സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
