ജമ്മു: പഹൽഗാം കൂട്ടക്കൊല ഉൾപ്പെടെ നിരവധി ഭീകരാക്രമണങ്ങളുടെ സൂത്രധാരനും പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഷ്കറെ തൊയ്ബ (LeT) കമാൻഡറുമായ സൈഫുള്ളയ്‌ക്കെതിരെ ജമ്മുവിലെ പ്രത്യേക എൻഐഎ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
പാകിസ്താനിലെ കസൂർ സ്വദേശിയായ സൈഫുള്ള സജിദ് ജാട്ട്, അലി ഭായ്, ഹബീബുള്ള മാലിക്, ലംഗ്ഡ തുടങ്ങി നിരവധി വ്യാജ പേരുകളിലും അറിയപ്പെടുന്നുണ്ട്. കാശ്മീർ താഴ്‌വരയിലെ ഭീകരർക്ക് ആയുധങ്ങളും ഫണ്ടും നിർദ്ദേശങ്ങളും എത്തിച്ചുനൽകുന്നത് ഇയാളാണെന്ന് എൻഐഎ കോടതിയെ അറിയിച്ചു.
ഈ വർഷം ആദ്യം ശ്രീനഗറിലെ പന്ദാച്ചിൽ വെച്ച് അബ്ദുള്ള (അബു ഹുറൈറ) എന്ന പാകിസ്താനി ഭീകരനെയും കൂട്ടാളികളെയും ജമ്മു കാശ്മീർ പോലീസ് പിടികൂടിയതോടെയാണ് ഈ വലിയ ഭീകര ശൃംഖലയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.
എൻഐഎ ഏറ്റെടുത്ത കേസിലെ അന്വേഷണത്തിൽ, അറസ്റ്റിലായ ഭീകരരിൽ നിന്ന് സൈഫുള്ളയുമായി ബന്ധപ്പെട്ട ടെലഗ്രാം ഐഡികൾ കണ്ടെത്തുകയും സുരക്ഷാ സേനകൾക്കും സാധാരണക്കാർക്കും നേരെ ആക്രമണം നടത്താൻ ഇയാൾ നൽകിയ നിർദ്ദേശങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
പ്രതി നിലവിൽ ഒളിവിലായതിനാലും സാധാരണ രീതിയിൽ ഹാജരാക്കാൻ സാധിക്കാത്തതിനാലും എൻഐഎയുടെ അപേക്ഷ പരിഗണിച്ചാണ് പ്രത്യേക കോടതി പൊതു അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. 2005 മുതൽ 2007 വരെ കുൽഗാമിൽ ലഷ്കർ കമാൻഡറായിരുന്ന ഇയാൾ ശേഷമാണ് പാകിസ്താനിലേക്ക് കടന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
