ന്യൂഡല്‍ഹി: യു.പി.ഐ ഇടപാടുകള്‍ക്ക് സീറോ എം.ഡി.ആര്‍ (മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ്) ഒഴിവാക്കി നിരക്ക് ഈടാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വന്‍ രാഷ്ട്രീയ വിവാദത്തിലേക്ക്. കേന്ദ്ര നടപടി അമേരിക്കന്‍ കമ്പനികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സൗജന്യ യുപിഐ സംവിധാനം വിസ, മാസ്റ്റര്‍കാര്‍ഡ് തുടങ്ങിയ അമേരിക്കന്‍ കമ്പനികള്‍ക്ക് തിരിച്ചടിയായെന്ന് അമേരിക്കന്‍ ട്രേഡ് പ്രതിനിധി ഉന്നയിച്ച വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് വിമര്‍ശനം കടുപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയ്ക്ക് മുന്നില്‍ കീഴടങ്ങിയെന്ന് ആരോപിച്ച കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്, നോട്ട എന്നാല്‍ 'Narendra's Ongoing Trump Appeasement' ആണെന്ന് പരിഹസിച്ചു. ഡെബിറ്റ് കാര്‍ഡുകള്‍ക്കുള്ളതുപോലെ 0.4 ശതമാനം എം.ഡി.ആര്‍ യു.പി.ഐക്കും ഏര്‍പ്പെടുത്തിയത് വിദേശ കാര്‍ഡ് കമ്പനികള്‍ക്ക് മത്സര അന്തരീക്ഷം ഒരുക്കാനാണോ എന്നും അദ്ദേഹം ചോദിച്ചു. യു.പി.ഐ സംവിധാനം നടത്താന്‍ പ്രതിവര്‍ഷം ഏകദേശം 20,000 കോടി രൂപ മാത്രമാണ് ചെലവാകുന്നതെന്നും ഇത് റിസര്‍വ് ബാങ്ക് കേന്ദ്ര സര്‍ക്കാരിന് നല്‍കുന്ന തുകയുടെ 10 ശതമാനത്തിലും കുറവാണെന്നും വ്യക്തമാക്കിയ അദ്ദേഹം, മുന്‍പ് ജി.എസ്.ടി നടപ്പിലാക്കിയതിന്റെ പുനരാവിഷ്‌കാരമാണ് സര്‍ക്കാരിന്റെ ഈ നടപടിയെന്നും കുറ്റപ്പെടുത്തി.
അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് മുന്നില്‍ നിലപാട് മയപ്പെടുത്തിയ പ്രധാനമന്ത്രിയുടെ നടപടി കീഴടങ്ങലാണെന്ന് രാഹുല്‍ ഗാന്ധിയും ആരോപിച്ചു. എന്നാല്‍ ആരോപണങ്ങള്‍ പൂര്‍ണ്ണമായും തള്ളി കേന്ദ്ര ധനമന്ത്രാലയവും ബി.ജെ.പിയും രംഗത്തെത്തി. യു.പി.ഐ നയങ്ങളില്‍ വിദേശ സമ്മര്‍ദ്ദമുണ്ടെന്ന ആരോപണം പൂര്‍ണ്ണമായും തെറ്റാണെന്നും ഡിജിറ്റല്‍ പേയ്‌മെന്റ് നയങ്ങള്‍ ഇന്ത്യ സ്വതന്ത്രമായാണ് തീരുമാനിക്കുന്നതെന്നും ധനമന്ത്രാലയം വ്യക്തമാക്കി. സാമ്പത്തികമായി നിലനില്‍ക്കുന്നതും ഏവര്‍ക്കും ലഭ്യമാകുന്നതുമായ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം കെട്ടിപ്പടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ഉപയോക്താക്കളില്‍ നിന്ന് എം.ഡി.ആര്‍ നിരക്കുകള്‍ ഈടാക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതാണെന്നും കോണ്‍ഗ്രസ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും ബി.ജെ.പി ആരോപിച്ചു. പുതിയ നിബന്ധനകള്‍ പ്രകാരം 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേഴ്‌സണ്‍ ടു മര്‍ച്ചന്റ് (P2M) ഇടപാടുകള്‍ക്ക് വ്യാപാരികളില്‍ നിന്ന് 0.4 ശതമാനം നിരക്കില്‍ എംഡിആര്‍ ഈടാക്കും. എന്നാല്‍ 75,000 രൂപയോ അതിനു മുകളിലോ ഉള്ള തുകയുടെ ഇടപാടുകള്‍ക്ക് ഈടാക്കാവുന്ന പരമാവധി എംഡിആര്‍ തുക 300 രൂപയായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
അതേസമയം സാധാരണക്കാരായ ഉപയോക്താക്കള്‍ക്ക് യുപിഐ സേവനങ്ങള്‍ പൂര്‍ണ്ണമായും സൗജന്യമായിത്തന്നെ തുടരും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
