ആഗോളതലത്തില്‍ വന്ധ്യത ഒരു വലിയ പൊതുജനാരോഗ്യ പ്രതിസന്ധിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പ്രമുഖ വൈദ്യശാസ്ത്ര മാസികയായ 'ദി ലാന്‍സെറ്റ് ഒബ്സ്റ്റെട്രിക്‌സ്, ഗൈനക്കോളജി ആന്റ് വിമന്‍സ് ഹെല്‍ത്ത്' പ്രസിദ്ധീകരിച്ച പുതിയ പഠനം വ്യക്തമാക്കുന്നു. 204 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ വിശദമായി വിശകലനം ചെയ്ത് തയ്യാറാക്കിയ ഈ റിപ്പോര്‍ട്ട് പ്രകാരം, 2036 ആകുമ്പോഴേക്കും 35 നും 49 നും ഇടയില്‍ പ്രായമുള്ള ഏകദേശം 80 ദശലക്ഷം സ്ത്രീകളെ വന്ധ്യത ബാധിക്കാന്‍ സാധ്യതയുണ്ട്.
2023 ല്‍ ഈ പ്രായപരിധിയിലുള്ള 53.6 ദശലക്ഷം സ്ത്രീകളിലായിരുന്നു വന്ധ്യത കണ്ടെത്തിയിരുന്നത്. എന്നാല്‍ വരും വര്‍ഷങ്ങളില്‍ ഇതില്‍ ഏകദേശം 50 ശതമാനത്തിന്റെ കൂറ്റന്‍ വര്‍ധനവാണ് ഗവേഷകര്‍ പ്രവചിക്കുന്നത്. പൊതുസമൂഹത്തില്‍ അനാവശ്യ ഭീതി പരത്താനല്ല, മറിച്ച് പ്രത്യുത്പാദന ആരോഗ്യത്തെക്കുറിച്ചും അതില്‍ പ്രായം വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും കൃത്യമായ അവബോധം സൃഷ്ടിക്കാനാണ് ഈ പഠനം ലക്ഷ്യമിടുന്നത്. വൈകി അമ്മയാകാനുള്ള തീരുമാനം, പ്രായമായവരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവ്, മാറിയ ജീവിതശൈലി എന്നിവയാണ് വന്ധ്യത നിരക്ക് കുത്തനെ ഉയരുന്നതിന്റെ പ്രധാന കാരണങ്ങള്‍.
പ്രായം കൂടുന്തോറും സ്ത്രീകളില്‍ സ്വാഭാവിക പ്രത്യുത്പാദന ശേഷി കുറയുകയും, ഗര്‍ഭമലസല്‍, മറ്റ് ഗര്‍ഭകാല സങ്കീര്‍ണ്ണതകള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യുന്നു. എങ്കിലും, വന്ധ്യത എന്നത് സ്ത്രീകളെ മാത്രം ബാധിക്കുന്ന ഒന്നല്ലെന്നും പുരുഷന്മാരിലും വന്ധ്യതാ കേസുകള്‍ വലിയതോതില്‍ വര്‍ധിക്കുന്നുണ്ടെന്നും ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നു.
വന്ധ്യതയ്ക്ക് വഴിവെക്കുന്ന കാരണങ്ങള്‍ പുരുഷന്മാരിലും സ്ത്രീകളിലും ഒരുപോലെ വ്യത്യസ്തമാണ്. സ്ത്രീകളില്‍ അണ്ഡോത്പാദന വൈകല്യങ്ങള്‍, അണ്ഡവാഹിനി കുഴലുകളിലെ തടസ്സങ്ങള്‍, ഫൈബ്രോയിഡുകള്‍, എന്‍ഡോമെട്രിയോസിസ്, ഗര്‍ഭപാത്ര വൈകല്യങ്ങള്‍, മുന്‍പ് നടന്ന ശസ്ത്രക്രിയകളുടെ അനന്തരഫലങ്ങള്‍ എന്നിവ പ്രധാന വെല്ലുവിളിയാകുന്നു. അതേസമയം, പുരുഷന്മാരില്‍ ബീജത്തിന്റെ എണ്ണക്കുറവ്, ബീജമില്ലായ്മ, ചലനശേഷിക്കുറവ്, ഘടനാപരമായ വ്യതിയാനങ്ങള്‍, ഉദ്ധാരണ വൈകല്യങ്ങള്‍ എന്നിവയാണ് വന്ധ്യതയിലേക്ക് നയിക്കുന്നത്. അമിത പിരിമുറുക്കവും അനാരോഗ്യകരമായ ഭക്ഷണരീതിയും രണ്ട് കൂട്ടരിലും ഈ പ്രശ്‌നങ്ങള്‍ വഷളാക്കുന്നു.
വരും ദശകങ്ങളില്‍ വന്ധ്യത ഉയര്‍ത്തുന്ന പൊതുജനാരോഗ്യ വെല്ലുവിളികളെ ചെറുക്കാന്‍ സമയബന്ധിതമായ ഇടപെടലുകള്‍ അനിവാര്യമാണ്. ചെറുപ്പത്തില്‍ത്തന്നെ പ്രത്യുത്പാദന ആരോഗ്യത്തെക്കുറിച്ച് കൃത്യമായ വിദ്യാഭ്യാസം നല്‍കുക, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, വന്ധ്യതാ ചികിത്സകള്‍ കുറഞ്ഞ ചെലവില്‍ എല്ലാവരിലേക്കും എത്തിക്കുക എന്നിവ ഇതില്‍ നിര്‍ണ്ണായകമാണ്. ഒപ്പം നേരത്തെ കുടുംബ ജീവിതം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന ദമ്പതികള്‍ക്ക് ആവശ്യമായ സാമൂഹിക-സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതിലൂടെ ഈ ആരോഗ്യപ്രതിസന്ധിയുടെ ആഘാതം ഒരുപരിധി വരെ കുറയ്ക്കാന്‍ സാധിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
