ധാക്ക: ബംഗ്ളാദേശ് സ്ഥാപക നേതാവ് ഷെയ്‌ഖ് മുജീബുർ റഹ്മാന്റെ ധാക്കയിലെ വസതിക്ക് തീയിട്ട് പ്രതിഷേധക്കാർ. മുജീബുർ റഹ്മാന്റെ മകളും ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രിയുമായ ഷെയ്‌ഖ് ഹസീന തന്റെ പാർട്ടി പ്രവർത്തകരുമായി സോഷ്യൽ മീഡിയയിൽ സംവദിക്കവേ ആയിരുന്നു സംഭവം.
ഫാസിസത്തിന്റെ തീർത്ഥാടന കേന്ദ്രമെന്ന് വിളിച്ചാണ് പ്രതിഷേധക്കാർ ഷെയ്‌ഖ് മുജീബുർ റഹ്മാന്റെ വസതിയായ ധൻമോണ്ടി 32 തകർക്കുകയും തീയിടുകയും ചെയ്തത്. സോഷ്യൽ മീഡിയയിലൂടെ തന്നെ കലാപാഹ്വാനം നടത്തിയതിനുശേഷമായിരുന്നു ഇത്.
രാത്രി എട്ടുമണിയോടെ ചുറ്റികയും മറ്റുമായി പ്രതിഷേധക്കാരെത്തി വീട് തകർക്കാൻ തുടങ്ങുകയായിരുന്നു. മുജീബിന്റെ ചുവർചിത്രവും അക്രമികൾ തകർത്തു. രാത്രി 9.30ഓടെ വസതിക്ക് തീയിട്ടു. പിന്നാലെ ക്രെയിനും എക്‌സ്‌കവേറ്ററുമെത്തി പുലർച്ചെ രണ്ട് മണിയോടെ വീടിന്റെ ഒട്ടുമിക്ക ഭാഗങ്ങളും തകർക്കുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം പിതാവിന്റെ വസതിക്ക് തീയിട്ടതറിഞ്ഞ ഹസീന കടുത്ത ഭാഷയിൽ ആണ് പ്രതികരിച്ചത്. അവർക്ക് ഒരു കെട്ടിടം തകർക്കാനാവും. എന്നാൽ ചരിത്രത്തെ തകർക്കാനാവില്ല. ചരിത്രം അതിന്റെ പ്രതികാരം നടത്തിയിരിക്കും. ഭരണഘടനയ്ക്കെതിരായാണ് ഇപ്പോഴത്തെ ഇടക്കാല സർക്കാർ അധികാരം പിടിച്ചെടുത്തത്. ഈ സർക്കാരിനെതിരെ ബംഗ്ളാദേശിലെ ജനങ്ങൾ ഒന്നിക്കണമെന്നും ഹസീന ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്