റോം: വ്യാഴാഴ്ച പുലര്‍ച്ചെ ഇറ്റലിയിലെ നേപ്പിള്‍സിലും പരിസര പ്രദേശങ്ങളിലും 4.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉണ്ടായി. നാല് പതിറ്റാണ്ടിനിടയില്‍ നഗരത്തില്‍ ഉണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പമാണിത്. പ്രാദേശിക സമയം പുലര്‍ച്ചെ 01.25 ന് ഉണ്ടായ ഭൂകമ്പത്തില്‍ പരിഭ്രാന്തരായ ആളുകള്‍ വീടുകളില്‍ നിന്ന് തെരുവുകളിലേക്ക് ഓടിയിറങ്ങി. പലരും രാത്രി മുഴുവന്‍ കാറുകളില്‍ ചെലവഴിച്ചു.
ഇറ്റാലിയന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഫിസിക്‌സ് ആന്‍ഡ് വോള്‍ക്കനോളജി (ഐഎന്‍ജിവി) അനുസരിച്ച്, ഭൂകമ്പപരമായി സജീവമായ കാമ്പി ഫ്‌ലെഗ്രി മേഖലയില്‍ സ്ഥിതി ചെയ്യുന്ന പോസുവോലി പട്ടണത്തിന് സമീപം മൂന്ന് കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പ പ്രഭവകേന്ദ്രം.
വലിയ ശബ്ദത്തോടെയുണ്ടായ ഭൂകമ്പം കാമ്പാനിയ മേഖലയിലുടനീളം കാര്യമായ ആശങ്ക സൃഷ്ടിച്ചു. ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടതായി ദൃക്സാക്ഷികള്‍ റിപ്പോര്‍ട്ട് ചെയ്തു. ചില പ്രദേശങ്ങളില്‍ വൈദ്യുതി തടസ്സങ്ങള്‍ അനുഭവപ്പെട്ടു. തകര്‍ന്ന കെട്ടിടങ്ങളുടെയും വീണുകിടക്കുന്ന അവശിഷ്ടങ്ങളുടെയും ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
പോസുവോലിയില്‍, വീടിന്റെ ഒരു ഭാഗം തകര്‍ന്നതിനെ തുടര്‍ന്ന് ഒരു സ്ത്രീയെ രക്ഷപ്പെടുത്തി. ബാഗ്‌നോളി ജില്ലയില്‍, വീടുകളില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ രാത്രി മുഴുവന്‍ പരിശ്രമിച്ചു. നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും സഹായം നല്‍കുന്നതിനുമായി ഒരു രക്ഷാ ഏകോപന കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്.
ആദ്യത്തെ ഭൂകമ്പത്തെ തുടര്‍ന്ന് കുറഞ്ഞത് രണ്ട് ചെറിയ തുടര്‍ചലനങ്ങളും ഉണ്ടായി. ഇത് പരിഭ്രാന്തി വര്‍ധിപ്പിച്ചു. സുരക്ഷാ പരിശോധനകള്‍ക്കായി വ്യാഴാഴ്ച പോസുവോലി, ബാഗ്‌നോളി, ബക്കോളി എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ അടച്ചിടാന്‍ പ്രാദേശിക അധികാരികള്‍ ഉത്തരവിട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്