'നമുക്കൊരു പാപ്പയെ ലഭിച്ചിരിക്കുന്നു'; പോപ്പ് ലിയോ പതിനാലാമന്‍ ആഗോള കത്തോലിക്കാ സഭയുടെ പുതിയ ഇടയന്‍

MAY 8, 2025, 12:45 PM

വത്തിക്കാന്‍ സിറ്റി: ഹബേമുസ് പാപ്പാം, നമുക്കൊരു പാപ്പയെ ലഭിച്ചിരിക്കുന്നു. ആഗോള കത്തോലിക്കാ സഭയുടെ പുതിയ ഇടയനായി അമേരിക്കയിലെ കര്‍ദ്ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റിനെ തിരഞ്ഞെടുത്തു. പോപ്പ് ലിയോ പതിനാലാമന്‍ എന്ന നാമമാണ് അദ്ദേഹം സ്വീകരിച്ചത്. വടക്കേ അമേരിക്കയില്‍ ജനിച്ച ആദ്യത്തെ പോപ്പായി പോപ്പ് ലിയോ പതിനാലാമന്‍ മാറി. കത്തോലിക്കാ സഭയുടെ 267-ാമത് മാര്‍പാപ്പയാണ് പോപ്പ് ലിയോ പതിനാലാമന്‍.

വത്തിക്കാനില്‍ വെളുത്ത പുക ഉയര്‍ന്നതോടെ പുതിയ മാര്‍പാപ്പയെ കാത്തിരുന്ന വിശ്വാസികള്‍ ഏറെ സന്തോഷത്തിലായിരുന്നു. പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്തു എന്ന സൂചന നല്‍കി കോണ്‍ക്ലേവ് നടന്ന സിസ്റ്റൈന്‍ ചാപ്പല്‍ ചിമ്മിനിയില്‍ നിന്ന് വെളുത്ത പുക ഉയര്‍ന്നു. നാലാമത്തെ തിരഞ്ഞെടുപ്പിലാണ് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്തത്.

എല്ലാ കര്‍ദിനാള്‍മാരും നിയുക്ത പാപ്പായോടുള്ള വിധേയത്വം പ്രഖ്യാപിച്ചു. അദ്ദേഹം പാപ്പയുടെ നാമം തിരഞ്ഞെടുക്കുകയും പാപ്പായുടെ സ്ഥാനവസ്ത്രങ്ങള്‍ അണിയുകയും ചെയ്തു. ഏറ്റവും മുതിര്‍ന്ന കര്‍ദിനാള്‍ ഡീക്കനാണ് പാപ്പയെ തിരഞ്ഞെടുത്തകാര്യം 'ഹബേമൂസ് പാപ്പാം' (നമുക്കു പാപ്പയെ ലഭിച്ചിരിക്കുന്നു) എന്നു പ്രഖ്യാപിച്ചുകൊണ്ട് ലോകത്തെ അറിയിച്ചത്. ഫ്രഞ്ചുകാരനായ മുതിര്‍ന്ന കര്‍ദിനാള്‍ ഡീക്കന്‍ ഡൊമിനിക് മാംബെര്‍ട്ടിയാണ് ഈ ദൗത്യം നിര്‍വഹിച്ചത്. തുടര്‍ന്ന് നിയുക്ത പാപ്പ വിശുദ്ധ പത്രോസിന്റെ ബസിലിക്കായുടെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ട് റോമാ നഗരത്തിനും ലോകം മുഴുവനും ആശീര്‍വാദം (ഉര്‍ബി എത്ത് ഓര്‍ബി) നല്‍കി.

ലോകമെമ്പാടുമുള്ള 133 കര്‍ദിനാള്‍മാര്‍ ഇതുവരെ മൂന്ന് റൗണ്ടുകളിലായി വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം നടന്ന മൂന്ന് മണിക്കൂറിലധികം നീണ്ട വോട്ടെടുപ്പിന് ശേഷം കറുത്ത പുക വന്നതോടെ ആദ്യ ദിനം അനിശ്ചതത്വത്തിന്റേതായിരുന്നു. ഇന്ന് നടന്ന വോട്ടെടുപ്പിന്റെ മൂന്നാം റൗണ്ടിലാണ് സിസ്റ്റീന്‍ ചാപ്പലില്‍ നിന്ന് വെളുത്ത പുക ഉയര്‍ന്നത്.

1955 സെപ്റ്റംബര്‍ 14നായിരുന്നു കര്‍ദ്ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റിന്റെ ജനനം. 2025 മെയ് 8 മുതല്‍ കത്തോലിക്കാ സഭയുടെ തലവനും വത്തിക്കാന്‍ സിറ്റി സ്റ്റേറ്റിന്റെ പരമാധികാരിയുമായി. അദ്ദേഹം പെറു-അമേരിക്കന്‍ വംശജനാണ്. 2023 മുതല്‍ ബിഷപ്പുമാര്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റായും ലാറ്റിന്‍ അമേരിക്കയ്ക്കുള്ള പൊന്തിഫിക്കല്‍ കമ്മീഷന്റെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 2015 മുതല്‍ 2023 വരെ പെറുവിലെ ചിക്ലായോ ബിഷപ്പായും അദ്ദേഹം മുമ്പ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2001 മുതല്‍ 2013 വരെ സെന്റ് അഗസ്റ്റിന്‍ സഭയുടെ പ്രിയര്‍ ജനറലായിരുന്നു.

ചിക്കാഗോയില്‍ ജനിച്ച പ്രെവോസ്റ്റ് തന്റെ കരിയറിന്റെ ആദ്യഭാഗം അഗസ്റ്റിനിയക്കാര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ അവിടെ ചെലവഴിച്ചു. 1985 മുതല്‍ 1986 വരെയും 1988 മുതല്‍ 1998 വരെയും പെറുവില്‍ ഒരു ഇടവക വികാരി, രൂപതാ അധ്യക്ഷന്‍, സെമിനാരി അധ്യാപകന്‍, അഡ്മിനിസ്‌ട്രേറ്റര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. 2023 ല്‍ അദ്ദേഹത്തെ കര്‍ദ്ദിനാള്‍ ആയി നിയമിച്ചു.

2023 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രിവോസ്റ്റിനെ ബിഷപ്പുമാര്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റായി നിയമിച്ചു. ഇത് ഒരു മാര്‍പ്പാപ്പ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രശസ്തി ഉയര്‍ത്തിയ ഒരു പ്രധാന ഘടകമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam