ഇസ്ലാമബാദ് : പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ കുടുംബത്തിലെ പത്ത് പേർ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ച് ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ.
മൂത്ത സഹോദരിയും ഭർത്താവും കുട്ടികളുമടക്കം കൊല്ലപ്പെട്ടു. മരണത്തിലേക്കുള്ള ഭാഗ്യവണ്ടിയിൽ തനിക്ക് ഇക്കുറി അവസരം ലഭിച്ചില്ലെന്നും മസൂദ് അസ്ഹർ പ്രസ്താവനയിലൂടെ പറഞ്ഞു. പ്രിയപ്പെട്ടവരുടെ മരണത്തിൽ കുറ്റബോധമോ നിരാശയോ ഇല്ല. ദയയില്ലാത്ത രീതിയിൽ ഇന്ത്യൻ നടപടിക്ക് തിരിച്ചടി നൽകുമെന്നും അസ്ഹറിന്റെ പ്രസ്താവനയിൽ പറയുന്നു.
പഹൽഗാം ആക്രമണത്തിന് പാകിസ്ഥാനുള്ള ഇന്ത്യയുടെ മറുപടിയാണ് ഓപ്പറേഷൻ സിന്ദൂർ. ഇന്ത്യയുടെ തിരിച്ചടിയിൽ കൊല്ലപ്പെട്ടവരിൽ ജയ്ഷെ മുഹമ്മദിൻ്റെ തലവൻ മസൂദ് അസ്‌ഹറിൻ്റെ കുടുംബാംഗങ്ങളുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
പാകിസ്ഥാനിലെ ബവൽപൂരിൽ ഇന്ത്യ നടത്തിയ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടതെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിലാണ് ഇപ്പോൾ സ്ഥിരീകരണമുണ്ടായിരിക്കുന്നത്.
യുഎൻ സുരക്ഷാ കൗൺസിൽ അന്താരാഷ്ട്ര ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള അമ്പത്തിയാറുകാരനായ മസൂദ് അസ്ഹർ, 2001 ലെ പാർലമെന്റ് ആക്രമണം, 2008 ലെ മുംബൈ ആക്രമണം, 2016 ലെ പത്താൻകോട്ട് ആക്രമണം, 2019 ലെ പുൽവാമ ആക്രമണം എന്നിവയുൾപ്പെടെ ഇന്ത്യയിൽ നടന്ന നിരവധി ഭീകരാക്രമണങ്ങൾക്ക് പിന്നിലെ ഗൂഢാലോചനയിൽ പങ്കാളിയാണ്. ഇദ്ദേഹം പാകിസ്ഥാനിലുണ്ടെന്നത് പരസ്യമായ രഹസ്യമാണെങ്കിലും, തങ്ങൾക്ക് അറിയില്ലെന്നാണ് ഇസ്ലാമാബാദ്ദിന്റെ നിലപാട്.
26 നിരപരാധികളുടെ മരണത്തിനിടയാക്കിയ പഹൽഗാമിലെ ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യുന്നതിനായി ഇന്ത്യ ഇന്നലെ രാത്രി പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് സ്ഥലങ്ങളിൽ 24 മിസൈലുകൾ തൊടുത്തുവിട്ടു. ആക്രമണങ്ങളിൽ 70 ലധികം തീവ്രവാദികൾ കൊല്ലപ്പെടുകയും 60 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇന്ത്യൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്