ബീജിങ്: തന്റെ പിന്‍ഗാമി ചൈനക്ക് പുറത്തുള്ള സ്വതന്ത്ര ലോകത്ത് ജനിക്കുമെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. 'വോയിസ് ഓഫ് ദി വോയ്‌സിലെസ്' എന്ന തന്റെ പുതിയ പുസ്തകത്തിലാണ് ദലൈലാമ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ദലൈലാമയുടെ വാദത്തെ വിമര്‍ശിച്ച് ചൈന രംഗത്തെത്തി.
'പുനര്‍ജന്മത്തിന്റെ ലക്ഷ്യം മുന്‍ഗാമിയുടെ പ്രവര്‍ത്തനങ്ങള്‍ തുടരുക എന്നതായതിനാല്‍, പുതിയ ദലൈലാമ സ്വതന്ത്ര ലോകത്ത് ജനിക്കും. അങ്ങനെ കാരുണ്യത്തിന്റെ ശബ്ദമാകാനും, ടിബറ്റന്‍ ബുദ്ധമതത്തിന്റെ ആത്മീയ നേതാവ്, ടിബറ്റന്‍ ജനതയുടെ അഭിലാഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന ടിബറ്റിന്റെ പ്രതീകം എന്നീ നിലയിലുള്ള ദലൈലാമയുടെ ദൗത്യം അയാള്‍ തുടരും',ദലൈലാമ പുസ്തകത്തില്‍ എഴുതി. ഇതാദ്യമായാണ് ഇത്തരമൊരു പരാമര്‍ശം ദലൈലാമ നടത്തുന്നത്. ടിബറ്റിന് പുറത്ത് താന്‍ പുനര്‍ജന്‍മം സ്വീകരിക്കില്ലെന്നായിരുന്നു മുന്‍പ് അദ്ദേഹം പറഞ്ഞിരുന്നത്.
ജുലൈയില്‍ 90 വയസാകുന്ന ദലൈലാമ വളരെ അധികം ആരോഗ്യപ്രശ്‌നങ്ങള്‍ നിലവില്‍ നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ പിന്‍ഗാമി ആരാകുമെന്ന ചര്‍ച്ചകളും സജീവമാണ്. ഇതിനിടയിലാണ് അദ്ദേഹം തന്നെ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയിരിക്കുന്നത്. ഇപ്പോഴത്തെ ദലൈലാമയായ ടെന്‍സി ഗ്യാറ്റ്‌സോ തന്റെ 23-ാമത്തെ വയസിലാണ് ഇന്ത്യയില്‍ അഭയം പ്രാപിക്കുന്നത്. 1959 ലെ മാവോ സേ തൂങ്ങിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരെ നടന്ന പ്രക്ഷോഭം പരാജയപ്പെട്ടതിന് പിന്നാലെയാണ് ആയിരക്കണക്കിന് ടിബറ്റുകാരോടൊപ്പം അദ്ദേഹം ഇന്ത്യയിലേക്ക് പലായനം ചെയ്തത്. നിലവില്‍ ഹിമാചല്‍പ്രദേശിലെ ധരംശാലയിലാണ് അദ്ദേഹം കഴിയുന്നത്.
അതിനിടെ ദലൈലാമയുടെ പുതിയ പരാമര്‍ശത്തിനെതിരെ ചൈന രംഗത്തെത്തി. ടിബറ്റിലെ ജനങ്ങളെ പ്രതിനിധീകരിക്കാന്‍ അദ്ദേഹത്തിന് അവകാശമില്ലെന്നും ദലൈലാമ ഉള്‍പ്പെടെയുള്ള ജീവിച്ചിരിക്കുന്ന ബുദ്ധന്റെ പുനര്‍ജന്മങ്ങള്‍ രാജ്യത്തിന്റെ നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്