ഈസ്താംബൂള്‍: റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ റഷ്യയുടെയും ഉക്രെയ്‌ന്റെയും പ്രതിനിധികള്‍ തുര്‍ക്കിയിലെ ഈസ്താംബൂളില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനം ആയില്ല. 1000 തടവുകാരെ പരസ്പരം കൈമാറാമെന്ന് ഇരുരാജ്യവും സമ്മതിച്ചു. വെടിനിര്‍ത്തല്‍ സാധ്യമാക്കാനുള്ള ശ്രമം തുടരും.
ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലെന്‍സ്‌കിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും തമ്മില്‍ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് വഴിതുറക്കാനും ശ്രമിക്കും. 2022 മാര്‍ച്ചിന് ശേഷം ആദ്യമായാണ് ഇരുരാജ്യത്തിന്റെയും പ്രതിനിധികള്‍ മുഖാമുഖം ചര്‍ച്ചനടത്തിയത്. ചര്‍ച്ച 90 മിനിറ്റിലേറെ നീണ്ടു. ഭാവിയിലെ വെടിനിര്‍ത്തലിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ഇരുരാജ്യവും അവതരിപ്പിച്ചുവെന്ന് റഷ്യയുടെ ചര്‍ച്ചയ്ക്കു നേതൃത്വം നല്‍കിയ വ്‌ളാഡിമിര്‍ മെദിന്‍സ്‌കി പറഞ്ഞു. ചര്‍ച്ചയുടെ ഫലത്തില്‍ തൃപ്തിയുണ്ടെന്നും പരസ്പരബന്ധം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ഉക്രെയ്ന്‍ സംഘത്തിന് നേതൃത്വം നല്‍കിയ പ്രതിരോധമന്ത്രി റുസ്തം ഉമറോവ് തടവുകാരെ കൈമാറാന്‍ തീരുമാനിച്ച കാര്യം സ്ഥിരീകരിച്ചു. ഇരുകൂട്ടരും വീണ്ടും കാണാന്‍ തത്ത്വത്തില്‍ തീരുമാനമായതായി ചര്‍ച്ചയ്ക്കു മധ്യസ്ഥം വഹിച്ച തുര്‍ക്കി വിദേശകാര്യമന്ത്രി ഹകാന്‍ ഫിദാന്‍ പറഞ്ഞു. ചര്‍ച്ചയ്ക്കായി സെലെന്‍സ്‌കി വ്യാഴാഴ്ച ഈസ്താംബൂളില്‍ എത്തിയിരുന്നു. എന്നാല്‍, പുടിന്‍ എത്താന്‍ കൂട്ടാക്കിയില്ല. ഇതേത്തുടര്‍ന്നാണ് പ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ച നടന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
