നൂക്ക്: ഡെന്മാര്‍ക്കിന്റെ സ്വയംഭരണപ്രദേശമായ ഗ്രീന്‍ലന്‍ഡിലേയ്ക്ക് സൈനികരെ അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍. യുഎസുള്‍പ്പെട്ട സൈനിക സഖ്യമായ നാറ്റോയിലെ അംഗങ്ങളായ ഫ്രാന്‍സ്, സ്വീഡന്‍, ജര്‍മനി, നോര്‍വേ എന്നീ രാജ്യങ്ങളുടെ സൈനികരാണ് വ്യാഴാഴ്ച ഗ്രീന്‍ലന്‍ഡിലെത്തിയത്.
നിരീക്ഷണത്തിനായാണ് തങ്ങളുടെ സൈന്യത്തെ ഗ്രീന്‍ലന്‍ഡ് തലസ്ഥാനമായ നൂക്കില്‍ വിന്യസിക്കുന്നതെന്ന് യൂറോപ്യന്‍രാജ്യങ്ങള്‍ ബുധനാഴ്ച പ്രഖ്യാപിച്ചിരുന്നു. ദ്വീപിന്റെ കാര്യത്തില്‍ യുഎസുമായി ഡെന്മാര്‍ക്കിന്റെയും ഗ്രീന്‍ലന്‍ഡിന്റെയും പ്രതിനിധികള്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു ഇത്. അടിസ്ഥാനപരമായ ഭിന്നതകള്‍ക്ക് ചര്‍ച്ചയില്‍ പരിഹാരമായില്ലെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഗ്രീന്‍ലന്‍ഡ് ബലപ്രയോഗത്തിലൂടെ പിടിച്ചെടുക്കുമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് ഗ്രീന്‍ലന്‍ഡിന്റെയും ഡെന്മാര്‍ക്കിന്റെയും വിദേശകാര്യമന്ത്രിമാര്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സുമായി കൂടിക്കാഴ്ച നടത്തിയത്. അതില്‍ യുഎസ് വിദേശകാര്യസെക്രട്ടറി മാര്‍ക്കോ റൂബിയോയും പങ്കെടുത്തു. എന്നാല്‍, അടിസ്ഥാനപരമായ വിയോജിപ്പുകളൊന്നും കൂടിക്കാഴ്ചയില്‍ പരിഹരിക്കാനായില്ലെന്നും ദ്വീപ് പിടിക്കാനുള്ള ട്രംപിന്റെ താല്‍പര്യം വ്യക്തമായെന്നും ചര്‍ച്ചയ്ക്കുശേഷം ഡാനിഷ് വിദേശകാര്യമന്ത്രി ലാര്‍സ് ലോക്ക് റുസ്മുസെന്‍ പറഞ്ഞു. ചര്‍ച്ചയില്‍ സൈനിക നടപടിയിലൂടെ അല്ലാതെ ഗ്രീന്‍ലന്‍ഡ് ഡെന്മാര്‍ക്കില്‍ നിന്ന് വിലകൊടുത്ത് വാങ്ങാനുള്ള സാധ്യതയും യു.എസ് മുന്നോട്ടുവെച്ചിരുന്നു.
മാത്രമല്ല വരും ദിവസങ്ങളില്‍ ദ്വീപില്‍ നാറ്റോ കൂടുതല്‍ സൈനികരെ വിന്യസിക്കുമെന്നും അവരുടെ കൂടുതല്‍ കപ്പലുകളും സേനാവിമാനങ്ങളുമെത്തുമെന്നും ഗ്രീന്‍ലന്‍ഡ് ഉപപ്രധാനമന്ത്രി മ്യൂട്ട് എഗെഡ് പറഞ്ഞു. ആര്‍ട്ടിക്കിലെ സുരക്ഷ ശക്തമാക്കാന്‍ ഒരു പ്രവര്‍ത്തക സംഘമുണ്ടാക്കിയിട്ടുണ്ടെന്നും യുഎസിന്റെ മോഹം തടയാനുള്ള എല്ലാശ്രമങ്ങളും തുടര്‍ന്നും നടത്തുമെന്നും ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രഡെറിക്‌സണ്‍ പറഞ്ഞു.
ഡെന്മാര്‍ക്കിന്റെ ക്ഷണപ്രകാരമാണ് നൂക്കിലേക്ക് സേനയെ അയക്കുന്നതെന്നും ചൈനയും റഷ്യയും ആര്‍ട്ടിക് മേഖലയിലുയര്‍ത്തുന്ന ഭീഷണി നേരിടാനാണിതെന്നും ജര്‍മനി പറഞ്ഞു. ആദ്യ ബാച്ച് ഫ്രഞ്ച് സൈന്യം നൂക്കിലേക്ക് പുറപ്പെട്ടെന്നും ബാക്കിയുള്ളവര്‍ ഉടനെത്തുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. യൂറോപ്യന്‍ ദൗത്യത്തിന്റെ ഭാഗമായി ഒരു സൈനികോദ്യാഗസ്ഥനെ അയക്കുമെന്ന് നെതര്‍ലന്‍ഡ്‌സ് അറിയിച്ചു. അതേസമയം, ആര്‍ട്ടിക് മേഖലയില്‍ റഷ്യയും ചൈനയും ഭീഷണിയാകുന്നെന്ന വ്യാജപ്രചാരണങ്ങളുടെ പശ്ചാത്തലത്തില്‍ ഗ്രീന്‍ലന്‍ഡില്‍ നാറ്റോ നടത്തുന്ന സൈനികവിന്യാസം ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്ന് റഷ്യ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
