ദുബായ്: മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്ന് തടസ്സപ്പെട്ട എണ്ണ കയറ്റുമതി പുനഃസ്ഥാപിക്കാൻ നിർണ്ണായക നീക്കങ്ങളുമായി ഇറാഖ്. തങ്ങളുടെ എണ്ണ ടാങ്കറുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായി കടന്നുപോകാൻ അനുമതി നൽകണമെന്ന് ഇറാഖ് ഇറാനോട് ആവശ്യപ്പെട്ടു. സ്വന്തം സമുദ്രപരിധിയിൽ ടാങ്കറുകൾക്ക് നേരെ ആക്രമണങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് ഇറാഖിന്റെ ഈ നീക്കമെന്ന് ഇറാഖ് എണ്ണമന്ത്രി ഹയാൻ അബ്ദുൽ ഗനി അറിയിച്ചു.
കുർദിസ്ഥാൻ മേഖലയെ ഒഴിവാക്കിക്കൊണ്ട് തുർക്കിയിലെ സെയ്‌ഹാൻ തുറമുഖത്തേക്ക് നേരിട്ട് എണ്ണ എത്തിക്കുന്നതിനുള്ള പൈപ്പ്‌ലൈൻ പുനരുദ്ധരിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. പത്തുവർഷത്തിലേറെയായി അടഞ്ഞുകിടക്കുന്ന ഈ പൈപ്പ്‌ലൈനിന്റെ 100 കിലോമീറ്റർ ഭാഗത്തെ പരിശോധന ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും. കിർകുക്കിൽ നിന്നുള്ള നേരിട്ടുള്ള കയറ്റുമതി ഇതോടെ സാധ്യമാകും.
തുടക്കത്തിൽ പ്രതിദിനം 2.5 ലക്ഷം ബാരൽ എണ്ണ ഈ വഴിയിലൂടെ കയറ്റി അയക്കാൻ സാധിക്കും. കുർദിസ്ഥാൻ മേഖലയിലെ എണ്ണ കൂടി ഉൾപ്പെടുത്തിയാൽ ഇത് 4.5 ലക്ഷം ബാരലായി ഉയരും.ലോകത്തെ ആകെ എണ്ണ വിതരണത്തിന്റെ 0.5% കൈകാര്യം ചെയ്തിരുന്ന ഈ പൈപ്പ്‌ലൈൻ 2014-ൽ ഐസിസ് (ISIS) ഭീകരരുടെ ആക്രമണത്തെ തുടർന്നാണ് അടച്ചുപൂട്ടിയത്.
നിലവിൽ കുർദിസ്ഥാൻ പൈപ്പ്‌ലൈൻ താൽക്കാലികമായി ഉപയോഗിക്കാൻ ബാഗ്ദാദ് ശ്രമിച്ചെങ്കിലും കുർദിഷ് പ്രാദേശിക സർക്കാർ മുന്നോട്ടുവെച്ച കർശന നിബന്ധനകൾ തിരിച്ചടിയായി. എണ്ണ നീക്കം തടസ്സപ്പെടുത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്ന് ബാഗ്ദാദ് മുന്നറിയിപ്പ് നൽകി. എന്നാൽ തങ്ങൾ കയറ്റുമതി തടയുന്നില്ലെന്നും മേഖലയിലെ സാമ്പത്തിക-സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ബാഗ്ദാദ് പരാജയപ്പെട്ടെന്നുമാണ് കുർദിഷ് അധികൃതരുടെ നിലപാട്. മിഡിൽ ഈസ്റ്റിലെ നിലവിലെ യുദ്ധസാഹചര്യത്തിൽ ആഗോള എണ്ണ വിപണിയിൽ ഇറാഖിന്റെ ഈ പുതിയ നീക്കങ്ങൾ വലിയ പ്രാധാന്യത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
