പെഷാവര്‍: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ പാക് പ്രവിശ്യയായ ബലൂചിസ്താനില്‍ മാധ്യമപ്രവര്‍ത്തകനെ അക്രമികള്‍ വീട്ടില്‍ക്കയറി വെടിവെച്ചു കൊന്നു. പ്രമുഖ ബലൂച് മാധ്യമപ്രവര്‍ത്തകന്‍ അബ്ദുള്‍ ലത്തീഫിനെയാണ് അക്രമികള്‍ വെടിവെച്ചുകൊന്നത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നോടെ അവരാന്‍ ജില്ലയിലെ മഷ്‌കായിലുള്ള വീടിനുള്ളിലാണ് കൊലപാതകം. ഭാര്യയും മക്കളും നോക്കിനില്‍ക്കേയാണ് കൊലയാളികള്‍ ലത്തീഫിന് നേരേ വെടിയുതിര്‍ത്തത്.
പാക് സര്‍ക്കാരിന്റെ പിന്തുണയുള്ള ഭീകരരാണ് കൊലനടത്തിയതെന്ന് ബലൂച് മനുഷ്യാവകാശസംഘടനയായ ബലൂച് യക്‌ജെഹ്തി കമ്മിറ്റി (ബിവൈസി) പറഞ്ഞു. ബലൂചിസ്താനിലെ മനുഷ്യാവകാശ ധ്വംസനങ്ങളും ബലൂച് ജനതയുടെ ചെറുത്തുനില്‍പ്പുമാണ് ലത്തീഫ് പ്രധാനമായും റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വിയോജിപ്പുകളെ അടിച്ചമര്‍ത്താനും ബലൂചികളെ വംശഹത്യ ചെയ്യാനുമുള്ള പാകിസ്താന്റെ കൊന്നു കുഴിച്ചുമൂടല്‍ നയംതന്നെയാണ് ലത്തീഫിന്റെ കൊലപാതകത്തിനു പിന്നിലെന്ന് ബിവൈസി പറഞ്ഞു.
മനുഷ്യത്വത്തിനുനേരേയുള്ള ഈ കുറ്റകൃത്യത്തിനെതിരേ മൗനം വെടിയാന്‍ ഐക്യരാഷ്ട്രസഭയോടും അന്താരാഷ്ട്രമാധ്യമങ്ങളോടും പത്രസ്വാതന്ത്ര്യത്തിനായി വാദിക്കുന്ന സംഘടനകളോടും കമ്മിറ്റി ആവശ്യപ്പെട്ടു. ഏതാനും മാസം മുന്‍പ് ലത്തീഫിന്റെ മകന്‍ സെയ്ഫ് ബലൂചിനെയും കുടുംബത്തിലെ ഏഴ് അംഗങ്ങളെയും പാക് സുരക്ഷാസേന പിടിച്ചുകൊണ്ടുപോയിരുന്നു. പിന്നീട് ഇവരെയെല്ലാം മരിച്ചനിലയില്‍ കണ്ടെത്തി.
പ്രകൃതിവിഭവത്താല്‍ സമ്പന്നമായ ബലൂചിസ്താനെ പാകിസ്താന്‍ അവഗണിക്കുന്നുവെന്നാണ് ബലൂചികളുടെ പരാതി. ഇക്കാരണം പറഞ്ഞ് ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ഇടയ്ക്കിടെ ആക്രമണം നടത്താറുണ്ട്. 'ഓപ്പറേഷന്‍ സിന്ദൂറി'നു പിന്നാലെ ബലൂച് നേതാവ് മിര്‍ യാര്‍ ബലൂച് ബലൂചിസ്താന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും തങ്ങളെ പാകിസ്താന്‍കാര്‍ എന്നു വിളിക്കരുതെന്ന് പറയുകയും ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
