ന്യൂഡൽഹി: ഫ്രാൻസിൽ നിന്ന് 26 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനുള്ള 63,000 കോടി രൂപയുടെ കരാറിന് ഇന്ത്യൻ സർക്കാർ അംഗീകാരം നൽകി.
കരാർ ഏതാനും ആഴ്ചകൾക്കുള്ളിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യൻ നാവികസേനയ്ക്കായി ഫ്രാൻസിൽ നിന്ന് 22 സിംഗിൾ സീറ്റർ ജെറ്റുകളും നാല് ഇരട്ട സീറ്റർ ജെറ്റുകളും വാങ്ങുമെന്ന് റിപ്പോർട്ട് പറയുന്നു. നേരത്തെ, ശരിയായ നടപടിക്രമങ്ങൾ പാലിക്കാതെയും നിയമങ്ങൾ മാറ്റാതെയും 36 റാഫേൽ വിമാനങ്ങൾ വാങ്ങിയത് വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു.
വിമാന അറ്റകുറ്റപ്പണികൾ, ലോജിസ്റ്റിക്കൽ പിന്തുണ, പൈലറ്റുമാർക്കുള്ള പ്രത്യേക പരിശീലനം, തദ്ദേശീയമായി നിർമ്മിച്ച ഘടകങ്ങൾ എന്നിവയ്ക്കുള്ള സമഗ്ര പാക്കേജും പുതിയ കരാറിൽ ഉൾപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാകാര്യ മന്ത്രിസഭാ സമിതി (സിസിഎസ്) കരാറിന് അംഗീകാരം നൽകി. ഇന്ത്യയുടെ തദ്ദേശീയ വിമാനവാഹിനിക്കപ്പലുകളിൽ വിന്യസിക്കുന്നതിനാണ് റാഫേൽ മറൈൻ ജെറ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പുതിയ റാഫേൽ ജെറ്റുകളുടെ വരവ് ഇന്ത്യൻ മഹാസമുദ്രത്തിൽ നാവികസേനയുടെ സ്വാധീനം ശക്തിപ്പെടുത്തുമെന്ന് പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു. നാല് വർഷത്തിനുള്ളിൽ ഇന്ത്യയ്ക്ക് യുദ്ധവിമാനങ്ങൾ ലഭിച്ചുതുടങ്ങും. 2029 അവസാനത്തോടെ ആദ്യ ബാച്ചും 2031ഓടെ മുഴുവൻ പോർവിമാനങ്ങളും നാവികസേനക്ക് ലഭിക്കും. ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലുകളായ ഐ.എൻ.എസ് വിക്രമാദിത്യ, ഐ.എൻ.എസ് വിക്രാന്ത് എന്നിവയില്‍ റഫാല്‍ ജെറ്റുകള്‍ വിന്യസിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്