ദുബായ്: യുഎഇയിലെ ഭാരത് മാര്‍ട്ട് 2026 അവസാനത്തോടെ പൊതുജനങ്ങള്‍ക്കായി തുറക്കും. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ വിപണനം ലക്ഷ്യമിട്ടൊരുക്കുന്ന ബൃഹത്തായ മാര്‍ക്കറ്റ് ആണ് ഭാരത് മാര്‍ട്ട്. ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്ത്യയിലേക്കുള്ള തന്റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയ സാഹചര്യത്തിലാണ് പ്രഖ്യാപനം വന്നത്.
ജബല്‍ അലി ഫ്രീ സോണില്‍ (ജാഫ്സ) സ്ഥിതി ചെയ്യുന്ന ഭാരത് മാര്‍ട്ട് 2.7 ദശലക്ഷം ചതുരശ്ര അടിയിലധികം വിസ്തൃതിയുള്ള റീട്ടെയില്‍, ഷോറൂമുകള്‍, വെയര്‍ഹൗസ് ഏരിയ എന്നിവ ഉള്‍ക്കൊള്ളുന്നതാണ്. ചൈനീസ് ഡ്രാഗണ്‍ മാര്‍ട്ടുമായി താരതമ്യപ്പെടുത്തുമ്പോള്‍, ദുബായിലെ ഒരു ബിസിനസ്-ടു-ബിസിനസ്, ബിസിനസ്-ടു-കണ്‍സ്യൂമര്‍ മാര്‍ക്കറ്റ്പ്ലേസായിരിക്കും ഭാരത് മാര്‍ട്ട്.
ഇന്ത്യന്‍ ബിസിനസുകള്‍ക്കും ആഗോള വിപണികള്‍ക്കും ഇടയിലുള്ള വ്യാപാരം സുഗമമാക്കുന്നതിനായിട്ടാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഡിപി വേള്‍ഡിന്റെ ഗ്രൂപ്പ് ചെയര്‍മാനും സിഇഒയുമായ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായം ഭാരത് മാര്‍ട്ടിന്റെ നിര്‍മ്മാണം ഇതിനകം ആരംഭിച്ചതായി വ്യക്തമാക്കി. സര്‍ക്കാര്‍ സഹകരണ പ്രവര്‍ത്തനത്തിന്റെ ഒരു ഉദാഹരണമാണിത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഷെയ്ഖ് ഹംദാന്റെയും ഇന്ത്യയുടെ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെയും സാന്നിധ്യത്തില്‍ കമ്പനി പദ്ധതിയുടെ വെര്‍ച്വല്‍ മോഡല്‍ അനാച്ഛാദനം ചെയ്തു. 'ഇന്ത്യ ആഗോള വ്യാപാരം വികസിപ്പിക്കുമ്പോള്‍ ദുബായിയുടെ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും കണക്റ്റിവിറ്റിയും അതിനെ ഒരു സുപ്രധാന പങ്കാളിയാക്കുന്നു,' ഷെയ്ഖ് ഹംദാന്‍ പറഞ്ഞു.
എണ്ണ ഇതര ഉഭയകക്ഷി വ്യാപാരം വര്‍ധിക്കുകയും 2,300-ലധികം ഇന്ത്യന്‍ കമ്പനികള്‍ ജഫ്‌സയില്‍ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്നതോടെ, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോള വിപണികളിലേക്ക് വേഗത്തില്‍ പ്രവേശനം നല്‍കുന്നതിലൂടെ ഭാരത് മാര്‍ട്ട് യുഎഇ-ഇന്ത്യ പങ്കാളിത്തത്തെ കൂടുതല്‍ ശക്തിപ്പെടുത്തും എന്നും അദ്ദേഹം പറഞ്ഞു. അതേസമയം മാറ്റത്തിന്റെ തുടക്കം എന്നായിരുന്നു പീയൂഷ് ഗോയല്‍ ഈ സംഭംഭത്തെ വിശേഷിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്